ജാതി ഉള്‍പ്പെടെയുള്ള പത്ത്സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഇനി വില്ലേജ് ഓഫീസിൽപോകണ്ട

തിരുവനന്തപുരം:ജാതി ഉള്‍പ്പെടെ പത്ത് സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഇനി വില്ലേജ് ഓഫീസില്‍ പോകേണ്ടയെന്ന് റവന്യു വകുപ്പ് അറിയിപ്പ്.വിദ്യാർത്ഥികള്‍ ഉള്‍പ്പെടെ പൊതുജനങ്ങള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന ഉത്തരവുമായി സംസ്ഥാന സർക്കാർ.ജാതി തെളിയിക്കുന്നത് ഉള്‍പ്പെടെ പത്ത് സർട്ടിഫിക്കറ്റുകള്‍ക്ക് ഇനി അക്ഷയ കേന്ദ്രത്തിലോ, വില്ലേജ് ഓഫീസിലോ പോകേണ്ടയെന്ന് റവന്യു വകുപ്പ് അറിയിപ്പ്.
07.10. 2021 ലെ GO(P)No. 1/2021/PIE&MD സർക്കാർ ഉത്തരവ് പ്രകാരം റവന്യൂ വകുപ്പില്‍ നിന്നും നല്‍കുന്ന
1. ജാതി സർട്ടിഫിക്കറ്റ്
2. റസിഡൻസ് സർട്ടിഫിക്കറ്റ്
3. നേറ്റിവിറ്റി സർട്ടിഫിക്കറ്റ്
4. ലൈഫ് സർട്ടിഫിക്കറ്റ്
5. വണ്‍ & ദ സെയിം സർട്ടിഫിക്കറ്റ്
6. ബന്ധുത്വ ( റിലേഷൻഷിപ്പ്) സർട്ടിഫിക്കറ്റ്
7. കുടുംബ അംഗത്വ (ഫാമിലി മെമ്ബർഷിപ്പ്) സർട്ടിഫിക്കറ്റ്
8. ഐഡന്റിഫിക്കേഷ|ൻ സർട്ടിഫിക്കറ്റ്
9. മൈനോറിറ്റി സർട്ടിഫിക്കറ്റ്
10. മിശ്രവിവാഹ സർട്ടിഫിക്കറ്റ് എന്നിവയ്ക്ക് വില്ലേജ് ഓഫീസിലോ ഓണ്‍ലൈനായോ അപേക്ഷ നല്‍കേണ്ടതില്ല.
ആയതിന് തെളിവായി ഹാജരാക്കുന്ന രേഖകള്‍ എല്ലാം പ്രസ്തുത സർട്ടിഫിക്കറ്റായി പരിഗണിക്കണമെന്നാണ് സർക്കാർ ഉത്തരവായിട്ടുള്ളത്.
നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരമായി ജനന സർട്ടിഫിക്കറ്റ്, എസ്.എസ്.എല്‍.സി. ബുക്ക്, റേഷൻകാർഡ് ,രക്ഷാകർത്താക്കളുടെ എസ്.എസ്.എല്‍.സി, അഡ്രസിനുള്ള തെളിവായി വോട്ടർ കാർഡ്, പാസ്പോർട്ട്, റേഷൻ കാർഡ്, വൈദ്യുതി ബില്‍, വാട്ടർ ബില്‍, ടെലിഫോണ്‍ ബില്‍ എന്നിവഉപയോഗിക്കാവുന്നതാണ്.റസിഡൻസ് സർട്ടിഫിക്കറ്റിന് പകരമായി ആധാർ കാർഡോ ഇലക്‌ട്രിസിറ്റി ബില്‍ ഉള്‍പ്പെടെ മേല്‍പ്പറഞ്ഞ ഏതെങ്കിലും ബില്ലുകളോ ഉപയോഗിക്കാവുന്നതാണ്. മൈനോറിറ്റി സർട്ടിഫിക്കറ്റിനായി എസ്.എസ്.എല്‍.സി. ബുക്കിലോ വിദ്യാഭ്യാസ രേഖയിലോ മതം രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ മൈനോറിറ്റി സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ല.
ലൈഫ് സർട്ടിഫിക്കറ്റിന് ജീവൻ പ്രമാണ്‍ എന്ന ബയോമെട്രിക് ഡിജിറ്റല്‍ സംവിധാനം ഉപയോഗിക്കാവുന്നതാണ്. വണ്‍ ആൻഡ് ദ സെയിം സർട്ടിഫിക്കറ്റിന് വ്യക്തിയുടെ സത്യപ്രസ്താവന ഇനി ഗസറ്റഡ് പദവിയിലുള്ള ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തി നല്‍കിയാല്‍ മതിയാകും.ബന്ധുത്വ (റിലേഷൻഷിപ്പ് ) സർട്ടിഫിക്കറ്റിന് റേഷൻ കാർഡ്, സ്കൂള്‍ സർട്ടിഫിക്കറ്റ്, പാസ്പോർട്ട്, ആധാർ, ജനന സർട്ടിഫിക്കറ്റ് എന്നീ ഏതെങ്കിലും രേഖയില്‍ ബന്ധുത്വം രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് തന്നെ മതിയാകും. കുടുംബ അംഗത്വ (ഫാമിലി മെമ്പർഷിപ്പ്) സർട്ടിഫിക്കറ്റിന് റേഷൻ കാർഡ് മതിയായ രേഖയാണ്.
ഐഡന്റിഫിക്കേഷൻ സർട്ടിഫിക്കറ്റിന് ആധാർ, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്, വോട്ടർ ID, ജോലി ചെയ്യുന്ന സ്ഥാപനത്തിലെ തിരിച്ചറിയല്‍ കാർഡ് എന്നിങ്ങനെ ഏതെങ്കിലും മതിയാവും. ഇവയൊന്നുമില്ലെങ്കില്‍ ഗസറ്റഡ് ഓഫീസർ നല്‍കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി.ജാതി സർട്ടിഫിക്കറ്റിന് എസ്.എസ്.എല്‍.സി. / വിദ്യാഭ്യാസ രേഖയില്‍ ജാതി രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ സർട്ടിഫിക്കറ്റിന് പകരമായി പരിഗണിക്കുന്നതാണ്.
മിശ്രവിവാഹ സർട്ടിഫിക്കറ്റിന് എസ്.എസ്.എല്‍.സി. / വിദ്യാഭ്യാസ രേഖയില്‍ ജാതി രേഖപ്പെടുത്തിയിരിക്കുകയും സബ് രജിസ്ട്രാറോ തദ്ദേശസ്ഥാപനമോ നല്‍കിയ വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കുകയും ചെയ്താല്‍ മിശ്രവിവാഹ സർട്ടിഫിക്കറ്റായി തന്നെ പരിഗണിക്കുന്നതാണ്. എല്ലാറ്റിലുമുപരി ഒരു രേഖയും സാക്ഷ്യപ്പെടുത്തുന്നതിനായി ഗസറ്റഡ് ഓഫീസറെ തേടി അലയേണ്ട. സ്വയം സാക്ഷ്യപ്പെടുത്തി നല്‍കിയാല്‍ മതിയാകും.പൗരൻമാർക്ക് അനായാസം സർക്കാർ സംബന്ധിയായ കാര്യങ്ങളും സേവനങ്ങളും നിർവ്വഹിച്ചു കിട്ടിനാണ് മേല്‍ ഉത്തരവ് സർക്കാർ ഇറക്കിയിരിക്കുന്നത്. മേല്പറഞ്ഞ സർട്ടിഫിക്കറ്റുകള്‍ക്കായി വില്ലേജ് ഓഫീസിലോ ഓണ്‍ലൈനായോ ക്യൂ നിന്ന് ഇനി പ്രയാസപ്പെടേണ്ടതില്ല.

Leave a Reply

Your email address will not be published. Required fields are marked *