പുന്നയൂർക്കുളം:അണ്ടത്തോട് ഗവ.എൽ പി സ്കൂളിന് സ്വന്തമായി കെട്ടിടം വരുന്നു. എൻ കെ അക്ബർ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപ വിനിയോഗിച്ചാണ് ആധുനിക സൗകര്യത്തോടെ സ്കൂൾ കെട്ടിടം നിർമ്മിക്കുക. കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം എൻ കെ അക്ബർ എം എൽ എ നിർവ്വഹിച്ചു.വിദ്യാലയത്തിന് സ്വന്തമായി കെട്ടിടമെന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിന് 32.7 സെൻറ് സ്ഥലം കൂടി ഏറ്റെടുത്ത് പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് മാതൃകയായിരുന്നു. 25.17 ലക്ഷം രൂപയാണ് പഞ്ചായത്ത് വിദ്യാലയത്തിന് സ്ഥലം ഏറ്റെടുക്കാനായി വിനിയോഗിച്ചത്. മുൻ പഞ്ചായത്ത് ഭരണ സമിതിയുട നേതൃത്വത്തിൽ വിദ്യാലയത്തിന് 20 സെന്റ് സ്ഥലം നേരത്തെ സൗജന്യമായി ലഭിച്ചിരുന്നു.
150 വർഷത്തിലധികം പഴക്കമുള്ള വിദ്യാലയമാണിത് .തീരദേശ മേഖലയിലെ സാധാരണക്കാരായ വിദ്യാർത്ഥികളുടെ ഏക ആശ്രയവും തീരദേശ മേഖലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയവും കൂടിയാണിത്. 230 ഓളം വിദ്യാർത്ഥികൾ ഇവിടെത്തെ പഠിതാക്കളാണ്. കാലങ്ങളായി വാടക കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിച്ചിരുന്നത്. എന്നാൽ ആ കെട്ടിടം തീരദേശ ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി പൊളിച്ച് മാറ്റേണ്ടി വന്നു. ഇപ്പോൾ അണ്ടത്തോട് മഹല്ലിന്റെ മദ്രസ്സയിലാണ് പ്രവർത്തിക്കുന്നത്.വിദ്യാലയം യാഥാർത്ഥ്യമാകുന്നതോടെ ഒരു നാടിൻെറ ചിരകാല സ്വപ്നമാണ് പൂവണിയുക. പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷെഹീർ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ റഹീം വീട്ടിപ്പറമ്പിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം മുഹമ്മദുണ്ണി , പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ മൂസ ആലത്തയിൽ, പ്രേമ സിദ്ധാർത്ഥൻ,വാർഡ് മെമ്പർ ബുഷറ നൗഷാദ്, ചാവക്കാട് എ ഇ ഒ രവീന്ദ്രൻ ,പഞ്ചായത്തംഗങ്ങൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
