കുന്നംകുളം: ചൊവ്വന്നൂർ ഗെയിൽ പാചകവാതക കേന്ദ്രത്തിന് സമീപം വൻ അഗ്നിബാധ.ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ ഗെയിൽ പാചകവാതക കേന്ദ്രത്തിനോട് ചേർന്ന പാടത്താണ് അഗ്നിബാധ ഉണ്ടായത്. അഗ്നിബാധയെ തുടർന്ന് ഏക്കർ കണക്കിന് സ്ഥലത്തെ ഉണങ്ങിയ പുല്ലുകൾ കത്തി നശിച്ചു. തീ ആളിപ്പടരുന്നത് കണ്ട യാത്രക്കാർ വിവരമറിയിച്ചതിനെ തുടർന്ന് കുന്നംകുളം അഗ്നി രക്ഷാ നിലയത്തിലെ രണ്ട് യൂണിറ്റ് വാഹനങ്ങൾ സ്ഥലത്തെത്തി. അഗ്നിബാധയെ തുടർന്ന് പുകപടലങ്ങൾ ഉയർന്നതിനാൽ വടക്കാഞ്ചേരി കുന്നംകുളം റൂട്ടിൽ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. ഗെയിൽ കേന്ദ്രത്തിലേക്ക് തീ പ്രവേശിക്കുന്നതിന് മുൻപ് കുന്നംകുളം അഗ്നി രക്ഷാസേന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. ഏക്കർ കണക്കിന് സ്ഥലത്ത് തീ വളരെ പെട്ടെന്ന് പടർന്നു പിടിച്ചതിനാൽ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കാനായത്.കുന്നംകുളം അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ ബി വൈശാഖ്, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ദിലീപ് കുമാർ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കൃഷ്ണദാസ്, അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരായ സുരേഷ്,സിനോജ്, ജിഷ്ണു, ഹരിക്കുട്ടൻ, റഫീഖ്, ഗോഡ്സൺ,ശരത്ത്, സനൽ,സിവിൽ ഡിഫൻസ് അംഗങ്ങളായ രഞ്ജിത്ത്, ദിലീപ്, പുന്നയൂർക്കുളം പെയിൻ ആൻഡ് പാലിയേറ്റീവ് കൂട്ടായ്മ ആംബുലൻസ് പ്രവർത്തകരായ അജ്മൽ, ശിഹാം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്. സംഭവത്തിൽ അപകടസാധ്യത കണക്കിലെടുത്ത് ഗെയിൽ ഹെഡ് കോർട്ടേഴ്സിലും കുന്നംകുളം നഗരസഭ ഓഫീസിലും നോട്ടീസ് നൽകുമെന്ന് സ്റ്റേഷൻ ഓഫീസർ ബി വൈശാഖ് അറിയിച്ചു.
കൂടുതൽ വീഡിയോ കാണാം
