പൊലീസ് ചമഞ്ഞ് വിദേശത്തേയ്ക്ക് പോകുന്നയാളുടെ വിസയും ടിക്കറ്റും തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ യുവാവിനെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി

ചാലിശ്ശേരി:പൊലീസ് ചമഞ്ഞ് വാഹനം തടഞ്ഞ് വിദേശത്തേയ്ക്ക് പോകുന്നയാളുടെ വിസയും ടിക്കറ്റും തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ യുവാവിനെ പൊലീസ് സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ചാലിശ്ശേരി പെരുമണ്ണൂര്‍ സ്വദേശി ഒരുവിന്‍ പുറത്ത് നൗഫല്‍ (39) ആണ് അറസ്റ്റിലായത്. 2023 ഡിസമ്പര്‍ 27 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. നെടുമ്പാശേരി എയര്‍പോര്‍ട്ടിലേക്ക് പോവുകയായിരുന്ന ചാലിശ്ശേരി മുക്കിലപീടിക സ്വദേശി ഖാദര്‍ സഞ്ചരിച്ചിരുന്ന കാറിനെ മറ്റൊരു വാഹനത്തില്‍ പിന്തുടര്‍ന്നെത്തിയ നൗഫല്‍ പാഴിയോട്ട്മുറി പാത്രമംഗലം റോഡില്‍ വെച്ച് തടഞ്ഞ് നിര്‍ത്തുകയും ഖാദര്‍ കേസില്‍ പ്രതിയാണെന്നും പോലീസ് സ്റ്റേഷനിലേക്ക് വരണമെന്നും പറഞ്ഞ് പാസ് പോര്‍ട്ടും ടിക്കറ്റും കൈവശപ്പെടുത്തി കടന്നു കളയുകയുമായിരുന്നു.ഖാദര്‍ സ്റ്റേഷനിലെത്തിയപ്പോഴാണ് തട്ടിപ്പാണെന്ന് മനസിലായത്. പാസ്‌പോര്‍ട്ടും വിസയും കൈക്കലാക്കി പണം തട്ടിയെടുക്കുന്നതിനായിരുന്നു പ്രതിയുടെ ഉദ്ദേശ്യമെന്നാണ് കരുതുന്നത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും ഇയാള്‍ ഒളിവില്‍ കഴിഞ്ഞ് സെഷന്‍സ്, ഹൈകോടതികളില്‍ മുന്‍കൂര്‍ ജാമ്യത്തിന് വേണ്ടി ശ്രമിച്ചു. കോടതി ജാമ്യം തള്ളിയതിനെ തുടര്‍ന്നാണ് എരുമപ്പെട്ടി എസ്.ഐ സി.ശ്രീകുമാറിന്റെ നേതൃത്വത്തില്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ കൃത്യത്തിന് ഉപയോഗിച്ച വാഹനവും പോലീസ് പിടിച്ചെടുത്തു.,എ.എസ്.ഐ എ.വി.സജീവ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ പി.എച്ച്.നൗഷാദ്, രാഹുല്‍ ദാസ് എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്

Leave a Reply

Your email address will not be published. Required fields are marked *