ഗുരുവായൂർ:ഗുരുവായൂരിലെ പണമിടപാട് സ്‌ഥാപനം കുത്തിത്തുറന്ന്
32,40,650 രൂപ കവർച്ച നടത്തിയ സംഭവത്തിൽ മുഖ്യ പ്രതിയെ ഗുരുവായൂർ ടെമ്പിൾ പൊലീസ് അറസ്റ്റു ചെയ്തു. മുതുവറ അടാട്ട് അമല നഗർ സ്വദേശി തൊഴുത്തുംപറമ്പ് വീട്ടിൽ ജോയ് ജോസഫിൻ്റെ മകൻ അശേഷ് ജോയ്(34) ആണ് അറസ്റ്റിലായത്.പ്രതിയെ കോടതി റിമാൻ്റ് ചെയ്തു.ഗുരുവായൂർ പടിഞ്ഞാറെ നടയിൽ ഗാന്ധിനഗറിലെ മാസ് സെൻ്റർ എന്ന കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എൽ ആൻഡ് ടി ഫൈനാൻസ് എന്ന സ്‌ഥാപനത്തിൽ നിന്നാണ് ചൊവ്വാഴ്ച പണം നഷ്‌ടപ്പെട്ടത്. സ്‌ഥാപനത്തിൻ്റെ വാതിൽ തകർത്ത മോഷ്ടാവ് അകത്തുകയറി ലോക്കർ പൊളിച്ച് പണം കവർന്ന് രക്ഷപ്പെടുകയായിരുന്നു. ഹെൽമെറ്റും ബാഗും ധരിച്ച് മോഷണത്തിന് എത്തുന്നയാളുടെ ദൃശ്യം നിരീക്ഷണ കാമറകളിൽ പതിഞ്ഞിരുന്നു.മൈക്രോ ഫിനാൻസ് വായ്‌പ തിരിച്ചടവിലെ പണമാണ് സ്ഥാപനത്തിലെ ലോക്കറിൽ സൂക്ഷിച്ചിരുന്നത്. ഫിനാൻസിന്റെ അരണാട്ടുകര ശാഖയിലെ ജീവനക്കാരനാണ് പ്രതി.ഗുരുവായൂർ ടെമ്പിൾ എസ്. ഐ, വി.പി അഷറഫിൻ്റെ നേതൃത്വത്തിൽ എ.എസ്.ഐമാരായ ജയ്സൺ, ജോബ്, ഗ്രേഡ് എസ്.ഐ.ഗിരി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
ഗുരുവായൂരിലെ പണമിടപാട് സ്‌ഥാപനം കുത്തിത്തുറന്ന് കവർച്ച; പ്രതി പിടിയിൽ
