പുന്നയൂർ അകലാട് ബദർ പള്ളി പരിസരത്ത് ടാങ്കർ ലോറിയും ഇൻസുലേറ്റ് പിക്കപ്പും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരുക്ക്

പുന്നയൂർക്കുളം:പുന്നയൂർ അകലാട് ബദർ പള്ളി പരിസരത്ത് ടാങ്കർ ലോറിയും ഇൻസുലേറ്റ് പിക്കപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു.
ടാങ്കർ ലോറി ഡ്രൈവർ മധ്യപ്രദേശ് സ്വദേശി  രോഹിത് ശർമ(24), പിക്കപ്പ് വാൻ ഡ്രൈവർ കാഞ്ഞങ്ങാട് സ്വദേശി ജലാലുദ്ധീൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും അകലാട് നബവി ആംബുലൻസ് പ്രവർത്തകരും,അയിരൂർ വിന്നേഴ്സ് ആംബുലൻസ് പ്രവർത്തകരും ചേർന്ന് ചാവക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയപാത കരാർ ഏജൻസിയായ ശിവാലയ കമ്പനിയുടെ വെള്ളം കൊണ്ടുപോകുന്ന ടാങ്കർ ലോറിയും ചാവക്കാട് ഭാഗത്തുനിന്നും വരികയായിരുന്ന പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.ഇന്ന് ഉച്ചയ്ക്ക് 2.50 ഓടെയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് മറിഞ്ഞു. ടാങ്കർ ലോറി പാലത്തിനായി നിർമ്മിച്ചു കൊണ്ടിരിക്കുന്ന ഭിത്തിയിൽ ഇടിച്ച് നിന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ ജെസിബി ഉപയോഗിച്ച് റോഡിൽ മറിഞ്ഞു കിടന്നിരുന്ന പിക്കപ്പ് മാറ്റിയിട്ടെങ്കിലും പൈപ്പ് പൊട്ടി ഓയിൽ ചോർച്ച ഉണ്ടായതിനെത്തുടർന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. തുടർന്ന് ഗുരുവായൂരിൽ നിന്നെത്തിയ അഗ്നിശമന ഉദ്യോഗസ്ഥർ കെട്ടിക്കിടന്നിരുന്ന ഓയിൽ വെള്ളമടിച്ച് നീക്കിയതിനുശേഷമാണ് ഗതാഗത യോഗ്യമാക്കിയത്. ഇതുമൂലം ദീർഘനേരം ഈ ഭാഗത്തു ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. വടക്കേക്കാട് എസ് എച്ച് ഒ ആർ.ബിനു,എസ് ഐ സുധീർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു.

ദൃശ്യങ്ങൾ കാണാൻ…

Leave a Reply

Your email address will not be published. Required fields are marked *