ഭക്തർക്ക് അവഗണന; ഗുരുവായൂരിൽ ദേശീയ മനുഷ്യാവകാശക്കമ്മീഷൻ ഇടപെടുന്നു

ഗുരുവായൂർ:ഭഗവത് ദർശനത്തിനായി ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്ന ആയിരങ്ങൾക്ക് അവഗണന നേരിട്ടുകൊണ്ടിരിക്കുകയാണെന്ന പരാതിയിൽ ഒടുവിൽ ദേശീയ മനുഷ്യാവകാശക്കമ്മീഷൻ്റെ ഇടപെടൽ.ഗുരുവായൂരമ്പലനടയിൽ ഭക്തർ നേരിടുന്ന പ്രശ്‍നങ്ങൾ ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശി ഗോവിന്ദൻ നമ്പൂതിരി നൽകിയ പരാതിയിലാണ് കമ്മീഷൻ  സംസ്ഥാന ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടിയിട്ടുള്ളത്. ഏറെക്കാലമായി തുടരുന്ന ഈ മനുഷ്യാവകാശ ലംഘനങ്ങൾക്കുനേരേ സംസ്ഥാനസർക്കാരിൻ്റെ ഭാഗത്തുനിന്നും വേണ്ടത്ര നടപടിയുണ്ടായിട്ടില്ലെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.
നാലാഴ്ചയ്ക്കകം നടപടി സ്വീകരിച്ച്  റിപ്പോർട്ട് സമർപ്പിക്കാനാണ് നിലവിലെ നിർദ്ദേശം.തൃശൂർ ജില്ല കളക്ടർ, തൃശൂർ പോലീസ് കമ്മീഷണർ, മുനിസിപ്പൽ കമ്മീഷണർ  തുടങ്ങിയവരോടും റിപ്പോർട്ട് സമർപ്പിക്കാൻ  ആവശ്യപ്പെട്ടിട്ടുണ്ട്.
ഭക്തർ നേരിടുന്ന ദുരനുഭവങ്ങൾ, ദർശനത്തിലെ  കാലതാമസം, ക്യൂ നിയന്ത്രണത്തിലെ പോരായ്‌മകൾ തുടങ്ങി ദേവസ്വം ജീവനക്കാർ മനുഷ്യത്വരഹിതമായി പെരുമാറുന്നതും ഹോട്ടലുകളിൽ വിളമ്പുന്ന ഭക്ഷണത്തിൻ്റെ ഗുണനിലവാരം കുറയുന്നുവെന്നതും വ്യത്യസ്ത വിഷയങ്ങളായി വിവരാവകാശപ്രവർത്തകൻ ഗോവിന്ദൻ നമ്പൂതിരി  പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
ഗുരുവായൂർ ദേവസ്വം വഴിപാടുകളുടെ നിരക്ക് ക്രമാതീതമായി വർധിപ്പിച്ചതിനാൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഗുരുവായൂരപ്പൻ്റെ പ്രസാദം പോലും വാങ്ങാൻ കഴിയാത്ത അവസ്ഥ സംജാതമായിക്കഴിഞ്ഞു. ഗുരുവായൂർ  ദേവസ്വം നൽകുന്ന വഴിപാടുകൾ ഗുണ നിലവാരം കുറഞ്ഞതാണെന്നാണ് മറ്റൊരാക്ഷേപം.മണിക്കൂറുകളോളമായി ക്യൂവിലകപ്പെട്ട് ഭഗവാനെ ദർശിക്കാൻ കാത്തു നിൽക്കുന്ന ഭക്തനെ ബലം പ്രയോഗിച്ച് നീക്കുന്നതായും പരാതിയിൽ  ആരോപിക്കപ്പെടുന്നുണ്ട്. അംഗവൈകല്യമുള്ളവരും പ്രായാധിക്യമുള്ളവരും അസുഖബാധിതരുമൊക്കെ കഷ്ടപ്പെടുന്ന കാഴ്ചയും ഇവിടെ പ്രകടമാണെന്ന് പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നു. പ്രായമേറിയവർക്ക് പ്രത്യേക പരിഗണന ലഭിക്കേണ്ടതുണ്ടെന്ന കൃഷ്ണനുണ്ണി കമ്മീഷണൻ്റെ നിർദ്ദേശം ജസ്റ്റിസ് പരിപൂർണ്ണനും ജസ്റ്റിസ് ബാലനാരായണ മാരാരും ഉൾപ്പെടുന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ച്  1994 ൽ ശരിവച്ചിരുന്നു.ഒ പി. 2071-93 ഹർജിയിലൂടെ ലഭ്യമായ ഉത്തരവിൽ ഭക്തർക്ക് ഉപകാരപ്രദമായ മറ്റു നിരവധി പ്രവൃത്തികൾ നടപ്പാക്കാനും നിർദ്ദേശമുണ്ട്.ഇപ്പോൾ സീനിയർ സിറ്റിസൺസ് എന്ന പേരിൽ ഗുരുവായൂർ തീർത്ഥാടനത്തിന് പ്രത്യേക സമയം അനുവദിച്ചു നൽകിയിട്ടുണ്ടെങ്കിലും അവർക്ക് വേണ്ടത്ര പ്രയോജനം ലഭിക്കുന്നുണ്ടോയെന്നത് മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ വേളയിലെങ്കിലും പരിശോധനയ്ക്കു വിധേയമാക്കേണ്ടി വന്നേക്കും.  മണിക്കൂറുകളോളം ക്യൂ നിന്ന്  ദർശനശേഷം നിലത്ത് വിശ്രമിക്കുകയായിരുന്ന ഭക്തജനങ്ങളെ വിസിലടിച്ച് ഓടിക്കുന്ന രംഗം സോഷ്യൽ മീഡിയയിൽ അടുത്തിടെ
വൈറലായി മാറിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *