ചങ്ങരംകുളം കല്ലൂർമ്മയിൽ തോണി മറിഞ്ഞ് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

ചങ്ങരംകുളം:കല്ലൂർമ്മയിൽ തോണി മറിഞ്ഞ് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം.ഒരാളെ രക്ഷപ്പെടുത്തി കല്ലുർമ്മ സ്വദേശി കിഴക്കേതിൽ റഫീക്കിന്റെ മകൻ ആഷിക്ക് (23),ചിയ്യാനൂർ സ്വദേശി മേച്ചിനാത്ത് കരുണാകരന്റെ മകൻ സച്ചിൻ (23) എന്നിവരാണ് മരിച്ചത്.ഇവർക്കൊപ്പമുണ്ടായിരുന്ന ചിയ്യാനൂർ സ്വദേശി പ്രസാദിനെ (26) നാട്ടുകാർ രക്ഷപ്പെടുത്തി ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കല്ലുർമ്മയിൽ നീലയിൽ കോൾപടവിൽ ഞായറാഴ്ച വൈകീട്ട് അഞ്ചു മണിയോടെയാണ് അപകടമുണ്ടായത്. സുഹൃത്തുക്കളായ മൂന്ന് പേരും കൂടി തോണിയുമായി കായലിൽ ഇറങ്ങിയതായിരുന്നു. താഴ്ചയുള്ള ഭാഗത്ത് എത്തിയതോടെ തോണി മറിയുകയായിരുന്നു. ചതുപ്പ് നിറഞ്ഞ ഭാഗത്ത് നീന്താൻ കഴിയാതെ മൂവരും മുങ്ങിത്താഴ്ന്നു.
ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ പ്രസാദിനെ കണ്ടെത്തി രക്ഷപ്പെടുത്തി കരയ്ക്ക് കയറ്റിയെങ്കിലും ആഷിക്കിനെയും,സച്ചിനേയും കണ്ടെത്താനായില്ല. തുടർന്ന് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് ആഷിക്കിന്റെ മൃതദേഹം കണ്ടെത്തിയത്. സച്ചിനെ കണ്ടെത്താനുള്ള ശ്രമം രാത്രി ഏറെ വൈകിയും തുടർന്നു. ഒടുവിൽ രാത്രി 11:30-ഓടെയാണ് മൃതദേഹം കണ്ടെത്തിയത്.
ആഷിക്കിന്റേയും സച്ചിന്റേയും മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി. വെൽഡിങ് ജോലിക്കാരനാണ് ആഷിക്ക്. കാണാതായ സച്ചിൻ ചങ്ങരംകുളത്ത് ബേക്കറി ജീവനക്കാരനാണ്.

Leave a Reply

Your email address will not be published. Required fields are marked *