തൊഴിയൂർ പള്ളിയുടെ ചരിത്രം പേറിയ  പുളിമുത്തശ്ശി നിലം പൊത്തി

വടക്കേക്കാട്:തൊഴിയൂർ പള്ളിയുടെ ചരിത്രം പേറിയ പുളിമുത്തശ്ശി നിലം പൊത്തി. ചെവ്വാഴ്ച രാത്രി 9 മണിയോടെയുണ്ടായ ശക്തമായ മഴയോടെപ്പം വീശിയ കാറ്റിലാണ് തൊഴിയൂർ ഭദ്രാസന പള്ളിയങ്കണത്തിലെ വൻ പുളിമരം കടപുഴകി വീണത്. മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ സ്ഥാപക പിതാക്കന്മാരായ പരിശുദ്ധ കൂറീലോസ് ബാവാമാർക്ക് ഹൈദ്രോസ് കുട്ടി മൂപ്പനിൽ നിന്നും തന്റെ മാതുലന് ലഭിച്ച സൗഖ്യത്തിന് പാരിതോഷികമായി ലഭിച്ച ഭൂമിയിലായിരുന്നു പുളിമരം നിന്നിരുന്നത്.200 ഏക്കറോളം വരുന്ന  തരിശുഭൂമിയിൽ ദൈവാലയ നിർമ്മിതിക്കു മുൻപേ ധ്യാനത്തിനും പ്രാർത്ഥനക്കുമായി  പരിശുദ്ധ പിതാക്കന്മാർ ഈ പുളിമരത്തണലിനെ ആശ്രയിച്ചിരുന്നുവെന്നാണ്  പഴമെഴി. തൊഴിയൂർ സഭയുടെ ചരിത്രത്തോടൊപ്പം തന്നെ മുന്നൂറോളം വർഷം പഴക്കമുള്ള ഒന്നാണ് ഈ പുളിമരമെന്ന് പറയപ്പെടുന്നു.പിന്നിട്ട നൂറ്റാണ്ടുകളുടെ ഓർമ്മകളും പൈതൃക ശേഷിപ്പുകളുമായി തൊഴിയൂർ പള്ളി അങ്കണത്തിൽ തലയുയർത്തി നിന്നിരുന്ന പുളിമരത്തെ തൊഴിയൂർ ഭദ്രാസന പള്ളി സന്ദർശിക്കുന്ന ഏവരും വളരെ കൗതുകത്തോടെയും അശ്ചര്യത്തോടെയും ചെന്നു കാണുന്നത് പതിവാണ്. ‘ചെകുത്താൻ പുളി’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ പുളിമരത്തെ സംബന്ധിക്കുന്ന ഒരുപാട് കഥകളും തൊഴിയൂർ ദേശത്ത് പറഞ്ഞു കേട്ടിരുന്നതും മറ്റൊരു സത്യം.തൊഴിയൂർ പള്ളിയുടെ വിശ്വാസവുമായി ബന്ധപ്പെട്ട് കിടക്കുന്ന കഥകൾക്ക് പിൻബലമായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്ന പുളിമരമാണ് ഓർമ്മകളെല്ലാം ബാക്കിയാക്കി വിട പറഞ്ഞിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *