പുന്നയൂർക്കുളം: ബാലഗോകുലം പുന്നയൂർക്കുളം താലൂക്ക് ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയിൽ 5000 വേഷങ്ങൾ അണിനിരക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വടക്കേകാട്,പുന്നയൂർ,പുന്നയൂർക്കുളം, കാട്ടകാമ്പാൽ എന്നിവടങ്ങളായി ശ്രീകൃഷ്ണ ജയന്തി ദിവസം തിങ്കളാഴ്ച ഏഴ് ശോഭായാത്രകളാണ് നടക്കുന്നത്. വടക്കേകാട് പത്ത് സ്ഥലങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ നബീശൻപടി കാവീട്ടിൽ പൂളത്ത് ഭഗവതിക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് മൂന്നാകല്ല് ശ്രീപത്മനാഭപുരം ക്ഷേത്രത്തിൽ സമാപിക്കും. പുന്നയൂരിൽ ഏഴ് സ്ഥലങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ എടക്കരയിൽ നിന്ന് ആരംഭിച്ച് കുഴിങ്ങരയിൽ സമാപിക്കും. അകലാട് തെങ്ങും പുള്ളി ഭഗവതിക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ സമാപിക്കും.
കാട്ടകാമ്പാലിൽ ഒൻപത് സ്ഥലങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ അയിരൂർ ചിറക്കൽ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് പെങ്ങാമുക്ക് പീഠികേശ്വരം ക്ഷേത്രത്തിൽ സമാപിക്കു.
പുന്നയൂർക്കുളത്ത് തിങ്കളാഴ്ച രാവിലെ 8ന് ആൽത്തറ ഗോവിന്ദപുരം ക്ഷേത്രത്തിൽ ജ്ഞാനപ്പാന പാരായണം, 9ന് ചെറായി ശ്രീനാരായണ ബാലാഗോകുലത്തിൽ സർഗ്ഗാഷ്ടമി കലാവൈജ്ഞാനിക ഉറിയടി മത്സരങ്ങൾ എന്നിവ ഉണ്ടാകും. വൈകീട്ട് 4 ന് വന്നേരി കൊരച്ചനാട്ട് ഭഗവതിക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന ശോഭായാത്ര ആൽത്തറ ഗോവിന്ദപുരം ക്ഷേത്രത്തിൽ സമാപിക്കും. പെരിയമ്പലത്തും ശോഭായാത്ര നടക്കും.
കൃഷ്ണ രാധ വേഷങ്ങൾ, നിശ്ചലദൃശ്യങ്ങൾ, ഗോപിക നൃത്തം, ഭജന എന്നിവ ശോഭായാത്രകളിൽ അണിനിരക്കും. ഭാരവാഹികളായ ജയരാജൻ ചക്കാലകുമ്പിൽ, എ.രാധ,ചന്ദ്രൻ മങ്കുഴി, ടി.പി.ഉണ്ണി,ടി,അശോകൻ,സുരേഷ് നടുവത്ത് എന്നിവർ അറിയിച്ചു.
ഒരുക്കങ്ങൾ പൂർത്തിയായി; പുന്നയൂർക്കുളം താലൂക്ക് ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയിൽ 5000 വേഷങ്ങൾ അണിനിരക്കും.
