പുന്നയൂർക്കുളം:സൗദി അറേബ്യയിൽ തനിക്ക് യാതൊരു വിലക്കുകളുമില്ലെന്ന് ഡോ. താലിബ് അൽ ബലൂഷ്.
സോഷ്യൽ മീഡിയയിലെ ചിലരാണ് അധിക്ഷേപകരമായ ഇത്തരം പ്രചരണങ്ങൾ അഴിച്ചുവിടുന്നത്. തീർത്തും മ്ലേച്ചമായ രീതിയിലാണ് സോഷ്യൽ മീഡിയയിൽ ചിത്രീകരിക്കപ്പെടുന്നത്. വിഷമമുണ്ടെങ്കിലും ഒരു പരിധിവിട്ട് അതൊന്നും ശ്രദ്ധിക്കാറില്ല.അഭിനയത്തിൽ മാത്രമാണ് താത്പര്യമെന്ന് പ്രശസ്ത ഒമാനി നടനും ആടുജീവിതം എന്ന സിനിമയിലെ അതിക്രൂരനായ അർബാബിൻ്റെ വില്ലൻവേഷത്തിലൂടെ ശ്രദ്ധേയനുമായ ഡോ. താലിബ് പറഞ്ഞു. കൊച്ചനൂർ പൂമുഖം സാംസ്കാരിക വേദി നൽകിയ സ്വീകരണത്തിൽ പങ്കെടുത്തു സംസാരിക്കയായിരുന്നു അദ്ദേഹം.കഴിഞ്ഞ അമ്പതു വർഷമായി താൻ അഭിനയലോകത്തുണ്ടെന്നും രംഗവേദികളിലാണ് താൻ ഏറ്റവും കൂടുതൽ അഭിനയിച്ചുട്ടുള്ളതെന്നും താലിബ് എടുത്തു പറഞ്ഞു. ഇന്തോ-ഒമാൻ സൗഹൃദ സംരംഭമായി നിർമ്മിച്ച ‘സയാന’ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി മലയാള സിനിമാലോകവുമായി ബന്ധപ്പെടുന്നത്.ആ സിനിമയാണ് ആടുജീവിതത്തിലെ പ്രധാനവേഷത്തിൽ എത്താൻ ഇടയാക്കിയതെന്നും ഡോ. താലിബ് സൂചിപ്പിച്ചു.താലിബ് മുല്ല എന്നൊരു ചെടിയും തൻ്റെ സന്ദർശനത്തിൻ്റെ ഓർമ്മക്കായി ഡോ. താലിബ് ബലൂഷ് പൂമുഖത്തിൻ്റെ മുറ്റത്തു നട്ടു.
‘സയാന’ സിനിമാസംരഭവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്ന നടൻ റിജുറാമും ഡോ.താലിബ് ബലൂഷിയെ അനുഗമിച്ചിരുന്നു. അദ്ദേഹത്തേയും ചടങ്ങിൽ ആദരിച്ചു.സാഹിത്യകാരൻ ഹനീഫ കൊച്ചനൂർ,ഉസ്മാൻ പള്ളിക്കരയിൽ, ബിജു കണ്ടമ്പുള്ളി, സലിം മുതുമ്മൽ, ബക്കർ മാസ്റ്റർ, ഡാനിയ സുചീന്ദ്രൻ, ഷാനവാസ് തിരുവത്ര, റഷീദ് എക്സ്പ്രസോ, അഷ്റഫ് പേങ്ങാട്ടയിൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ആടുജീവിതത്തിലെ അതിക്രൂരനായ അർബാബ് കൊച്ചനൂരിൽ;സൗദിയിൽ തനിക്ക് യാതൊരു വിലക്കുകളുമില്ലെന്ന് ഡോ.താലിബ് അൽ ബലൂഷ്
