പുന്നയൂർ ആലാപ്പാലത്ത് വാതക ശ്മശാനം നിര്‍മിക്കണമെന്ന് മരണാന്തര സമിതികൾ

പുന്നയൂര്‍ക്കുളം:പുന്നയൂർ ഗ്രാമ പഞ്ചായത്ത് ആലാപ്പാലത്ത് വാതക ശ്മശാനം അടിയന്തിരമായി നിര്‍മിക്കണമെന്ന് മരണാനന്തര സമിതികള്‍ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.പഞ്ചായത്തിലെ ഹിന്ദു വിഭാഗങ്ങളുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ് ആധുനിക ശ്മശാനം വേണമെന്നത്. പഞ്ചായത്തിലുള്ളവര്‍ മൃതദേഹം സംസ്‌കരിക്കാന്‍ ഗുരുവായൂര്‍, ചാവക്കാട്, പുന്നയൂര്‍ക്കുളം എന്നിവിടങ്ങളിലെ ശ്മശാനങ്ങളെയാണ് ആശ്രയിക്കുന്നത്.അതത് ശ്മശാനം പ്രവര്‍ത്തിക്കുന്ന തദ്ദേശസ്ഥാപനങ്ങളിലുള്ളവര്‍ക്കാണ് മുന്‍ഗണന എന്നതിനാല്‍ മറ്റ് പഞ്ചായത്തുകാര്‍ക്ക് സംസ്‌കാര സമയം കിട്ടാന്‍ പ്രയാസമാണ്.നിര്‍ദ്ദിഷ്ട ശ്മശാനത്തിലെ പുക സമീപത്തെ ക്ഷേത്ര വിഗ്രഹങ്ങളുടെ ചൈതന്യത്തെ ബാധിക്കും എന്ന പ്രചരണം ഭക്തരെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. പുക കുഴല്‍ ഉയര്‍ത്തലും ഗേറ്റിന്റെ സ്ഥാനം മാറ്റുന്നതും ഉള്‍പ്പെടെ പരിഹാര മാര്‍ഗങ്ങള്‍ തന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.
ക്ഷേത്രവും ശ്മശാനവും വേണ്ടതാണെന്നും ആശങ്ക പരിഹരിക്കാന്‍ ആവശ്യമെങ്കില്‍ ക്ഷേത്രത്തില്‍ എത്താമെന്നും തന്ത്രി അറിയിച്ചിട്ടുണ്ടെന്നും ഇരുനൂറ് മീറ്റർ ചുറ്റളവിൽ വീടുകളില്ലാത്ത ഒഴിഞ്ഞ സ്ഥലത്താണ് നിർദ്ദിഷ്ഠ ശ്മശാനഭൂമിയുള്ളതെന്നും
മരണാന്തര സമിതി ഭാരവാഹികൾ പറഞ്ഞു.പഞ്ചവടി ബീച്ചിലെ ശ്മശാന ഭൂമി പട്ടികജാതി വിഭാഗത്തിന്റെ മാത്രമാണ്. ഇവിടെ പൊതു ശ്മശാനം നിര്‍മിക്കല്‍ പ്രായോഗികമല്ലെന്നും വിവിധ മരണാനന്തര കമ്മിറ്റി ഭാരവാഹികളായ കെ.സി.സദാനന്ദന്‍,അപ്പുകുട്ടന്‍ പുല്ലാനി,കെ.എസ്.വിദ്യാസാഗര്‍, കെ.ബി.ജയപ്രകാശ്,രാജന്‍ താമരശേരി എന്നിവര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *