തൃശ്ശൂർ പുത്തൻപള്ളിക്കു പിറകിൽ എരിഞ്ഞേരി അങ്ങാടിയിലെ വീട്ടിൽ അമ്മയെയും മകനെയും മരിച്ചനിലയിൽ കണ്ടെത്തി

തൃശ്ശൂർ: പുത്തൻപള്ളിക്കു പിറകിൽ എരിഞ്ഞേരി അങ്ങാടിയിലെ വീട്ടിൽ അമ്മയെയും മകനെയും മരിച്ചനിലയിൽ കണ്ടെത്തി. പല്ലൻ വീട്ടിൽ മെറീന(75), മകൻ പ്രവീൺ(48) എന്നിവരാണ് മരിച്ചത്. ഇവർ മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. മൃതദേഹങ്ങൾക്ക് ഒരാഴ്ചയിലധികം പഴക്കമുണ്ടെന്നറിയുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം പുറത്തറിഞ്ഞത്.ഏതാനും ദിവസങ്ങളായി വീട്ടിൽ അനക്കമൊന്നുമില്ലെന്നും ദുർഗന്ധം വമിക്കുന്നതായും സമീപത്തെ സ്ഥാപനത്തിലുള്ള സുരക്ഷാ ഉദ്യോഗസ്ഥൻ ഡിവിഷൻ കൗൺസിലർ സിന്ധു ചാക്കോളയെ വിളിച്ചറിയിക്കുകയായിരുന്നു. തുടർന്ന് കൗൺസിലർ പോലീസിൽ വിവരമറിയിച്ചു. പോലീസെത്തി വീട് തുറന്നുനോക്കിയപ്പോഴാണ് രണ്ട് മുറികളിലായി അമ്മയും മകനും മരിച്ചുകിടക്കുന്നത് കണ്ടത്.അമ്മ പുതപ്പു പുതച്ച് മലർന്നു കിടക്കുന്ന നിലയിലും മകൻ മറ്റൊരു മുറിയിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലുമായിരുന്നു. ഈസ്റ്റ് പോലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു.മെറീനയുടെ ഭർത്താവ് സണ്ണി വർഷങ്ങൾക്കുമുൻപ് മരിച്ചു. പ്രവീൺ അവിവാഹിതനാണ്. ഇയാൾ മനോദൗർബല്യമുള്ളയാളാണെന്ന് പറയുന്നു. ആരെയും വീട്ടിലേക്ക് കടക്കാൻ സമ്മതിച്ചിരുന്നില്ല. ഇവരുടെ വീടിനു സമീപത്ത് മറ്റ് വീടുകളില്ല. കടമുറികളും സ്ഥാപനങ്ങളുമാണുള്ളത്. മെറീനയുടെ മറ്റൊരു മകൻ പ്രദീപ് അമേരിക്കയിലും മകൾ ഹെൻസി ചെന്നൈയിലുമാണ്. ഇരുവരും വിവരമറിഞ്ഞ് നാട്ടിലേക്ക്‌ പുറപ്പെട്ടിട്ടുണ്ട്. മരുമക്കൾ: മരിയാ ബ്രൈറ്റ, അജിത്. ഈസ്റ്റ് പോലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മാറ്റി. ആത്മഹത്യയാണെന്നാണ് പ്രാഥമികനിഗമനം.

Leave a Reply

Your email address will not be published. Required fields are marked *