നിലമ്പൂർ: ഫോറസ്റ്റ് ഓഫീസ് അടിച്ചു തകർത്തുവെന്ന കേസിൽ പി.വി. അൻവർ എം.എൽ.എ അറസ്റ്റിൽ. അറസ്റ്റിലായ എം.എൽ.എയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ജാമ്യാപേക്ഷ നൽകാത്തതുകൊണ്ട് തന്നെ അതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഉണ്ടായില്ല. തവനൂർ സബ് ജയിലിലേക്കാണ് അദ്ദേഹത്തെ മാറ്റിയത്. പോരാട്ടം തുടരുമെന്ന് പി.വി. അൻവർ റിമാൻഡിന് പിന്നാലെ മാധ്യമങ്ങളോട് പറഞ്ഞു.അൻവറിന്റെ ഒതായിയിലെ വീട്ടിന് പുറത്ത് വൻ സന്നാഹമൊരുക്കിയ ശേഷമാണ് പോലീസ് അദ്ദേഹത്തെ കസ്റ്റിഡിയിൽ എടുത്തത്. നിലമ്പൂർ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലെത്തിയ സംഘമാണ് അറസ്റ്റ് ചെയ്തത്. പിന്നാലെ അൻവറിന് പിന്തുണയുമായി അനുയായികളും ഡി.എം.കെ. പ്രവർത്തകരും തടിച്ചുകൂടി. അൻവറിനെ പോലീസ് വാഹനത്തിൽ കയറ്റുന്നതിനിടെ മുദ്രാവാക്യം വിളികളുമായി പ്രവർത്തകർ പ്രതിഷേധിച്ചു. തുടർന്ന് മെഡിക്കൽ പരിശോധനയ്ക്ക് ശേഷം മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കുകയായിരുന്നു.
ശനിയാഴ്ച രാത്രി കരുളായി ഉൾവനത്തിൽ മണി എന്ന ആദിവാസിയെ കാട്ടാന അടിച്ചു കൊന്ന സംഭവത്തിൽ പ്രതിഷേധിച്ച് എം.എൽ.എയുടെ നേതൃത്വത്തിൽ ഡി.എം.കെ. പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധക്കാർ അടച്ചിട്ട നിലമ്പൂർ നോർത്ത് ഡി.എഫ്.ഒ. ഓഫീസിന്റെ പൂട്ട് തകർത്ത് ഉള്ളിൽ കയറി സാധന സാമഗ്രികൾ നശിപ്പിച്ചു. ജില്ലാ ആശുപത്രിയിലെത്തിയും പ്രതിഷേധിച്ചിരുന്നു. ഇതിനെത്തുടർന്നാണ് പോലീസിന്റെ നടപടി.
ഫോറസ്റ്റ് ഓഫീസ് അടിച്ചു തകർത്ത കേസിൽ പി.വി. അൻവർ എം.എൽ.എ അറസ്റ്റിൽ
