എടക്കഴിയൂർ ചന്ദനക്കുടം കൊടികുത്ത് നേർച്ചക്ക് വർണ്ണാഭമായ തുടക്കം

ചാവക്കാട്:മതസൗഹാർദം വിളിച്ചോതി നടത്തുന്ന എടക്കഴിയൂർ ചന്ദനക്കുടം കൊടികുത്ത് നേർച്ചക്ക് വർണ്ണാഭമായ തുടക്കം, ആദ്യ കാഴ്ച കൊഴപ്പാട്ട് അയ്യപ്പന്റെ വസതിയിൽ നിന്ന് ആരംഭിച്ച് പത്തുമണിക്ക് ജാറം അങ്കണത്തിൽ എത്തിച്ചേർന്നു.എടക്കഴിയൂർ സയ്യിദ് ഹൈദ്രോസ് ഇമ്പിച്ചികോയ തങ്ങളുടെയും സഹോദരി ഫാത്തിമ ബീകുഞ്ഞി ബീവിയുടെയും 167-ാം മത് ആണ്ടുനേർച്ചയ്ക്കാണ്  തിങ്കളാഴ്ച തുടക്കം കുറിച്ചത്. എടക്കഴിയൂർ വളയംതോട് കൊഴപ്പാട്ട് പരേതനായ അയ്യപ്പുവിന്റെ വീട്ടിൽ നിന്നും ആദ്യ കാഴ്ച്ച 10 മണിക്ക് ജാറം അങ്കണത്തിൽ എത്തിച്ചേർന്നു.എടക്കഴിയൂർ നേർച്ചയുടെ ആദ്യ കാഴ്ച്ച പാരമ്പര്യമായി കൊഴപ്പാട്ട് തറവാട്ടിൽ നിന്നുമാണ് പുറപ്പെടാറ്.വർഷങ്ങളായി ആദ്യകാഴ്ച്ചക്ക് നേതൃത്വം നൽകിയിരുന്ന അയ്യപ്പു സ്വാമി അഞ്ചു വർഷം മുൻപ് മരിച്ചെങ്കിലും പതിവ് തെറ്റിക്കാതെ കുടുംബാംഗങ്ങൾ ഏറ്റെടുത്ത് നടത്തി വരുന്നു. ഒരാഴ്ചത്തെ വൃതവും മറ്റു ചടങ്ങുകൾക്കും ശേഷമാണ് ആദ്യ കാഴ്ച്ച പുറപ്പെടുക.
അയ്യപ്പു സ്വാമിയുടെ മക്കളായ രാജു മറ്റു കുടുംബാംഗങ്ങളും ചേർന്ന് ആദ്യകാഴ്ച്ചക്ക് വേണ്ട കുടുംബ ചടങ്ങുകൾ നിർവഹിച്ച് ആനയും ബാൻഡ് വാദ്യവുമായി ആദ്യ കാഴ്ച്ച പുറപ്പെട്ട് ജാറം അംഗണത്തിൽ എത്തിച്ചേർന്നു.  കാഴ്ച്ചക്ക്‌ നേതൃത്വം നൽകിയ അയ്യപ്പു സ്വാമിയുടെ കുടുംബത്തെ ജാറത്തിൽ സംഘാടകർ സ്വീകരിച്ചു. ആദ്യദിനത്തിൽ  എടക്കഴിയൂർ പഞ്ചവടി കടപ്പുറത്തുനിന്ന് പുറപ്പെടുന്ന തിരുമുൽക്കാഴ്ച രാത്രി 11 മണിയോടെ ജാറം അങ്കണത്തിൽ എത്തിച്ചേരും. എട്ടോളം ഗജവീരന്മാരും വാദ്യമേളങ്ങളും കാഴ്ചയിൽ അണിനിരക്കും.തുടർന്ന് 11.30നു എക്‌സ്കവോ അകലാട്,12 മണിക്ക് ഫോർട്ടി സിക്സ് അകലാട് കാഴ്ചകളും ജാറം അങ്കണത്തിൽ എത്തിച്ചേരും. നേർച്ചയുടെ പ്രധാന ദിവസമായ  ചൊവ്വാഴ്ച രാവിലെ 8 മണിക്ക് യഹിയ തങ്ങളുടെ വസതിയിൽ നിന്നും അതിർത്തി സിദ്ദീഖ് മഹ്ളറ പള്ളി പരിസരത്തു നിന്നും ആരംഭിക്കുന്ന തെക്ക്,വടക്ക് ഭാഗം കമ്മറ്റികളുടെ കൊടിക്കയറ്റ കാഴ്ചകൾ കൃത്യം 11 ന് ജാറത്തിൽ എത്തി കൊടികയറ്റം നിർവഹിക്കും.തുടർന്ന് വടക്കുഭാഗം കാഴ്ചകളായ ഇശൽ നിലാവ്, ഒനൈസ എടക്കര , ഡി-സോൺ, എക്കോസ്, സിറ്റി ഗയ്‌സ്,ന്യൂ ചലഞ്ച്,പേരല്ലൂർ ഫെസ്റ്റ്, ചാർളി, അരിസോണ,യുണൈറ്റഡ് കാജ, ഹ്യൂമൻസ് കാഴ്ചകളും തെക്കുഭാഗം കാഴ്ചകളായ പുല്ലെൻചിറ അതിർത്തി, റിബൽസ് ചങ്ങാടം റോഡ്, സെനിത്ത് ഗ്രൂപ്പ് അതിർത്തി, അഫയൻസ് വർണ്ണ മഹോത്സവം, സ്പാർടെക്സ് അതിർത്തി, ബ്ലാക്ക് കോപ്സ് തിരുവത്ര എന്നീ കാഴ്ചകളും ജാറം അങ്കണത്തിൽ എത്തിച്ചേരും.ഗുരുവായൂർ എസിപി ബിജുവിന്റെ നേതൃത്വത്തിൽ ചാവക്കാട് എസ് എച്ച് ഒ, വി.വി വിമലിന്റെ നിയന്ത്രണത്തിൽ ശക്തമായ പോലീസ് സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *