ദൃശ്യവിസ്മയ വിരുന്നൊരുക്കി പാർക്കാടി പകൽ പൂരം സമാപിച്ചു

അഞ്ഞൂർ:ചമയങ്ങളണിഞ്ഞ് അണിനിരന്ന ആനകൾക്കൊപ്പം ആലവട്ടവും വെഞ്ചാമരവും പട്ടുകുടകളും ദൃശ്യവിസ്മയ വിരുന്നൊരുക്കിയ പാർക്കാടി പകൽ പൂരം സമാപിച്ചു. കർണ്ണാനന്ദകരമായ പഞ്ചവാദ്യവും മേളവും വർണ്ണക്കാവടികളും തിറയും തെയ്യവും കരിങ്കാളിയുമെല്ലാം പാർക്കാടി പാടത്തേക്ക് ഒഴുകിയെത്തിയ പൂരപ്രേമികൾക്ക് കാഴ്ചയുടെ വർണ്ണ ചാരുതയേകി.രാവിലെ നടന്ന വിശേഷാൽ പൂജകൾക്ക് ക്ഷേത്രം ഊരാളനും മേൽശാന്തിയുമായ തോട്ടപ്പായ മന ശങ്കരൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു.
കേലാട് നന്ദൻ,സജീഷ് നമ്പൂതിരി എന്നിവർ സഹകാർമ്മികരായി.
ഉച്ചയ്ക്ക് കലംകരിക്കൽ ചടങ്ങ് നടന്നു.തുടർന്ന് നടന്ന ദേവസ്വം പൂരം എഴുന്നള്ളിപ്പിന് പൂതൃക്കോവിൽ പാർത്ഥ സാരഥി ദേവിയുടെ തിടമ്പേറ്റി.പെരുവനം കുട്ടൻ മാരാരുടെ  പ്രമാണത്തിൽ വെള്ളിത്തിരുത്തി ഉണ്ണി നായർ,ചൊവ്വല്ലൂർ മോഹനൻ,ചൊവ്വല്ലൂർ സുനിൽ,
വെള്ളിത്തിരുത്തി ദിനേഷ്, ഇരിങ്ങപ്പുറം ബാബു എന്നിവരടങ്ങുന്ന മേളകലാകാരന്മാരുടെ നേതൃത്വത്തിൽ നടപ്പുര പഞ്ചാരിമേളം എഴുന്നള്ളിപ്പിന് മാറ്റുകൂട്ടി.4 ന് വിവിധ പ്രാദേശിക കമ്മറ്റികളുടെ പൂരം പാർക്കാടി പാടത്ത് അണിനിരന്നു.5.45ന് 33 ഗജവീരന്മാർ അണിനിരന്ന  പാണ്ടിമേളത്തോടുകൂടി കൂട്ടിയെഴുന്നെള്ളിപ്പ് നടന്നു.ഈ സമയം വടക്കേ നടക്കൽ നാദസ്വരമേളത്തിൻ്റെ അകമ്പടിയോടെ വർണ്ണക്കാവടികൾ നിറഞ്ഞാടി.തുടർന്ന് തിറ, തെയ്യം,പുതൻ,കരിങ്കാളി  തുടങ്ങിയ നാടൻ കലാരൂപങ്ങളുടെ വേലവരവും ഉണ്ടായി.വൈകീട്ട് നടക്കൽ പറ,ദീപാരാധന എന്നിവയോടെ പകൽ പുരത്തിന് സമാപനം കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *