ചാവക്കാട് :മതത്തിന്റെയും വംശശുദ്ധിയുടെയും പേരിൽ മനുഷ്യ മനസ്സുകളെ വേർതിരിക്കുന്ന വിഭജന രാഷ്ട്രീയത്തിനെതിരെയുള്ള പ്രതിരോധവുമായി ‘ഒരുമയുടെ സംഗീത’മായി ചാർ യാർ സംഗീത സംഘം ചാവക്കാട് സംഗീത പരിപാടിയവതരിപ്പിക്കും. ഖരാനയുടെയും ദേശീയ മാനവിക വേദിയുടെയും സംയുക്താഭിമുഖ്യത്തിലാണ് ചാവക്കാട് ഫെബ്രുവരി 19 ന് ചാവക്കാട് നഗരസഭ ചത്വരത്തിൽ ‘ചാർ യാർ’ സംഗീത യാത്ര സംഗീത പരിപാടിയവതരിപ്പിക്കുകയെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് ആറിനാണ് പരിപാടി.കാൽനൂറ്റാണ്ടായി ഇന്ത്യയിലും വിദേശത്തും റൂമി, ഭാബ ഫരീദ്, ഗുലാം ഫരീദ് തുടങ്ങീ സൂഫി കവികളുടെയും ഗായകരുടെയും രചനകളും ആധുനിക അന്തർദേശീയ കവികളുടെ കവിതകളും സൂഫി ആലാപന ശൈലിയിൽ അവതരിപ്പിക്കുന്ന സംഘമാണ് ചാർയാർ ഗ്രൂപ്പ്. കഴിഞ്ഞ കാൽ നൂറ്റാണ്ടിലേറെയായി ഇന്ത്യയിലു, യൂറോപ്പിലേയും, അമേരിക്കയിലേയും പ്രമുഖ കേന്ദ്രങ്ങളിലും ചാർ യാർ സംഗീതയാത്ര അരങ്ങേറിയിട്ടുണ്ട്. പരിപാടിയുടെ പ്രചരണത്തിനായും ധനസമാഹരണത്തിനായും ഫെബ്രുവരി 15ന് വൈകീട്ട് ബസ് സ്റ്റാന്റ് പരിസരത്ത് ചങ്ങാതി കുറി സംഘടിപ്പിച്ചിട്ടുണ്ട്.നഗരസഭാ ചെയർപേഴ്‌സൻ ഷീജ പ്രശാന്ത്, കെ എ മോഹൻദാസ്,ടി സി കോയ,എ എച്ച് അക്ബർ,കെ വി രവീന്ദ്രൻ,പി കെ അൻവർ,ചന്ദ്രൻ പാവറട്ടി,അജിത്‌രാജ് വടക്കുമ്പാട്ട് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു
ഒരുമയുടെ സംഗീത മായി ചാർ യാർ സംഗീത സംഘം ഫെബ്രു- 19 ന് ചാവക്കാട് സംഗീത പരിപാടിയവതരിപ്പിക്കും
