കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ആന എഴുന്നള്ളിപ്പുകൾ ഒരാഴ്ച്ചത്തേക്ക് നിർത്തിവെയ്ക്കാൻ ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി തീരുമാനം. കൊയിലാണ്ടിയിലെ ക്ഷേത്രോത്സവത്തിനിടെ ആനകൾ ഇടഞ്ഞുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് എഡിഎമിന്റെ അധ്യക്ഷതയിൽ ചേർന്ന നാട്ടാന പരിപാലനവുമായി ബന്ധപ്പെട്ട ജില്ലാ തല മോണിറ്ററിംഗ് കമ്മിറ്റിയുടെ അടിയന്തര യോഗത്തിന്റേതാണ് തീരുമാനം.
ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് നൽകുന്ന അനുമതി ഉത്തരവിൽ പറയുന്ന നിബന്ധനകൾ പൂർണമായും പാലിക്കാതെ അശ്രദ്ധമായി എഴുന്നള്ളിപ്പ് നടത്തിയ മണക്കുളങ്ങര ഭഗവതി ക്ഷേത്രത്തിന്റെ ജില്ലാ തല മോണിറ്ററിംഗ് കമ്മിറ്റി രജിസ്ട്രേഷൻ റദ്ദ് ചെയ്യാനും യോഗം തീരുമാനിച്ചു. ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി നൽകുന്ന അനുമതി ഉത്തരവിൽ പറയുന്ന എല്ലാ നിബന്ധനകളും ബന്ധപ്പെട്ട ക്ഷേത്ര ഭാരവാഹികളും ഉത്സവ കമ്മിറ്റികളും നിർബന്ധമായും പാലിക്കേണ്ടതാണെന്നും യോഗം മുന്നറിയിപ്പ് നൽകി.ഉത്തരവിൽ സൂചിപ്പിക്കുന്നതുപോലെ ആനകൾ തമ്മിലും ആനകളും ജനങ്ങളും തമ്മിലും പാലിക്കേണ്ട അകലവും കൃത്യമായി പാലിക്കുന്നതിനുള്ള ക്രമീകരണങ്ങൾ കമ്മിറ്റികൾ ഉറപ്പുവരുത്തണം. ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയുടെ രജിസ്ട്രേഷനില്ലാത്ത ക്ഷേത്രങ്ങൾ യാതൊരു കാരണവശാലും ആനകളെ എഴുന്നള്ളിക്കാൻ പാടില്ല. അനുമതിയില്ലാതെ എഴുന്നള്ളിക്കുന്ന ആനകളെ ഉത്സവങ്ങളിൽ നിന്ന് വിലക്കാനും യോഗം തീരുമാനിച്ചു.
വേനൽക്കാലമായതിനാലും അന്തരീക്ഷ താപനില ക്രമാതീതമായി ഉയർന്നു വരുന്ന സാഹചര്യത്തിലും എഴുന്നള്ളിക്കുന്ന ആനകളുടെ ശരീരോഷ്‌മാവ് നിയന്ത്രിക്കുന്നതിന് ആവശ്യമായ ജല ലഭ്യതയും തണലും ഒരുക്കുന്നതിനുള്ള ക്രമീകരണങ്ങളും ഉത്സവ കമ്മിറ്റികൾ ഉറപ്പുവരുത്തേണ്ടതാണെന്നും യോഗം നിർദ്ദേശിച്ചു
കോഴിക്കോട് ജില്ലയിൽ ആന എഴുന്നള്ളിപ്പുകൾ ഒരാഴ്ച്ചത്തേക്ക് നിർത്തിവെയ്ക്കാൻ തീരുമാനം
