ചാലിശേരി:മുലയം പറമ്പത്ത് കാവ് ഭഗവതിക്ഷേത്രത്തിലെ പൂരം വർണ്ണാഭമായി ആഘോഷിച്ചു.ക്ഷേത്ര മൈതാനത്ത് അണിനിരന്ന ഗജവീരന്മാരും ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയ നാടൻ കലാരൂപങ്ങളും ഉൽസവപ്രേമികൾക്ക് നയനമനോഹര കാഴ്ചയൊരുക്കി.പുലർച്ച നടന്ന വിശേഷാൽ പൂജകൾക്ക് തന്ത്രി തരണനെല്ലൂർ പത്മാനാഭൻ നമ്പൂതിരിപ്പാട് മുഖ്യ കാർമികത്വം വഹിച്ചു.ഉച്ചയ്ക്ക് 2.30 ന് പഞ്ചവാദ്യത്തിൻ്റെ അകമ്പടിയോടെ നടന്ന ദേവസ്വംപൂരം എഴുന്നള്ളിപ്പിന് ഗജവീരൻ മാവേലിക്കര ഗണപതി ദേവിയുടെ തിടമ്പേറ്റി.പാലക്കാട് ,മലപ്പുറം,തൃശൂർ ജില്ലകളിലെ തട്ടകങ്ങളിൽ ഉച്ചക്ക് പകൽ പൂരം ആരംഭിച്ചു. ആനപ്പുരങ്ങൾ വൈകീട്ടോടെ കാവ് കയറിയതോടെ കുഭ ചൂടിനെ വകവെക്കാതെ പതിനായിരങ്ങൾ ക്ഷേത്ര മൈതാനത്തെ അലകടലാക്കി.
തുടർന്ന് പാണ്ടിമേളം നടന്നു. കൂട്ടിയെഴുന്നള്ളിപ്പിൽ 33 ആനകൾ അണിനിരന്നു.വിവിധ ആഘോഷക്കമ്മിറ്റികളുടെ വേലയാഘോഷങ്ങളായ തിറ, കാള,തെയ്യം ,ശിങ്കാരിമേളം, കരിങ്കാളി,കാവടി തുടങ്ങിയവ ക്ഷേത്രത്തിലെത്തി പ്രദക്ഷിണം ചെയ്തു മടങ്ങി.രാവിലെ മുതൽ ഭക്തജനങ്ങൾ ഭഗവതിയുടെ അനുഗ്രഹത്തിനായി ഒഴുകിയെത്തിയിരുന്നു. ദീപാരാധന,ചുറ്റുവിളക്ക് ,തായമ്പക ,കേളി ,കൊമ്പ് പറ്റ് ,കുഴൽപറ്റ് എന്നിവ ഉണ്ടായി. ശനിയാഴ്ച പുലർച്ചെ ദേവസ്വം പൂരം എഴുന്നെള്ളിച്ചു.വിവിധ തട്ടകങ്ങളിൽ നിന്ന് താലം വരവ് ,പ്രാദേശിക പൂരങ്ങളും അമ്പലത്തിലെത്തി.ശ്രീരാമ പട്ടാഭിഷേകം തോൽപ്പാവക്കൂത്ത് സമാപിച്ചതോടെ പൂരത്തിന് കൊടിയിറങ്ങി.
പൂരപ്രേമികൾ ഒഴുകിയെത്തി; ചാലിശ്ശേരി പൂരം വർണ്ണാഭം
