തൃശ്ശൂർ: പൂരം പൊലിമയോടെയും പ്രൗഢിയോടെയും സുരക്ഷിതമായും നടത്താൻ സംസ്ഥാനസർക്കാരും ജില്ലാഭരണകൂടവും തൃശ്ശൂർ കോർപറേഷനും ഒത്തൊരുമിച്ച് പ്രവർത്തിക്കുമെന്ന് ദേവസ്വംമന്ത്രി വി.എൻ. വാസവൻ പറഞ്ഞു. പൂരവുമായി ബന്ധപ്പെട്ട എല്ലാ ആചാരങ്ങളും സമയക്രമം നിശ്ചയിച്ച് ആസൂത്രണംചെയ്യും. ചുമതലകൾക്ക് പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരെ നിയമിക്കും. കഴിഞ്ഞവർഷം പരിചയസമ്പന്നരല്ലാത്തവരെ നിയമിച്ചുവെന്ന ആരോപണമുണ്ടായിരുന്നു
പൂരംപ്രദർശനത്തിന്റെ തറവാടകയുമായി ബന്ധപ്പെട്ട് തൽ സ്ഥിതി നിലനിർത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചിട്ടുണ്ടെന്നും ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കാൻ കൊച്ചി ദേവസ്വം കമ്മിഷണറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
പൂരത്തിന് മുന്നോടിയായി നഗരത്തിലെയും പൂരപ്പറമ്പിലെയും തന്ത്രപ്രധാനമായ സ്ഥലങ്ങളിലെല്ലാം സിസിടിവി കാമറകൾ സ്ഥാപിക്കും. പൂരപ്പറമ്പിനടുത്തും ചുറ്റിലുമായുള്ള കെട്ടിടങ്ങളുടെ ഫിറ്റ്നസ് നേരത്തേ പരിശോധിക്കും. രാത്രിപൂരത്തിന്റെ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും കുറവു വരുത്താത്ത രീതിയിൽ സംവിധാനം ഒരുക്കും.സുരക്ഷ മുൻനിർത്തി വെടിക്കെട്ടിനു മുന്നോടിയായി ആളുകളെ നിയന്ത്രിക്കുന്നതിനാണ് മുൻഗണനയെന്നും മന്ത്രി രാജൻ കൂട്ടിച്ചേർത്തു. മന്ത്രി ആർ. ബിന്ദു, മേയർ എം.കെ. വർഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, കളക്ടർ അർജുൻ പാണ്ഡ്യൻ, തൃശ്ശൂർ സിറ്റി പോലീസ് കമ്മിഷണർ ആർ. ഇളങ്കോ, തൃശ്ശൂർ റേഞ്ച് ഡിഐജി. ഹരിശങ്കർ, ദേവസ്വം ഭാരവാഹികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
തൃശ്ശൂർ പൂരം പൊലിമയോടെയും പ്രൗഢിയോടെയും സുരക്ഷിതമായും നടത്തും
