പുന്നയൂർക്കുളം:ഫ്രഞ്ച് നോവലിസ്റ്റ് വിക്ടർ ഹ്യൂഗോ രചിച്ച വിശ്വവിഖ്യാതമായ ഫ്രഞ്ച് നോവലാണ് “ലെ മിറാബിലെ”. 1862ലാണ് ഈ കൃതി പുറത്തിറങ്ങുന്നത്. പിന്നീട് 1863- ൽ അമേരിക്കൻ പത്രപ്രവർത്തകനായിരുന്ന ചാൾസ് വിൽബോർ ആ കൃതിയെ ഇംഗ്ലീഷിലേക്ക്, “ലെസ് മിസറബ്ൾസ്” എന്ന പേരിൽ തർജ്ജമ ചെയ്തു. വിശ്വ സാഹിത്യത്തിലെ ഏറ്റവും മികച്ചു നോവലുകളിൽ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു. 1925ൽ “പാവങ്ങൾ” എന്ന പേരിൽ ഈ കൃതി നാലപ്പാട്ട് നാരായണമേനോൻ മലയാളത്തിലേക്ക് വിവർത്തനം ചെയ്തു. അന്നുവരെ തുടർന്ന് പോന്നിരുന്ന രചനാ സങ്കല്പങ്ങളെയും സങ്കേതങ്ങളെയും മാറ്റിമറിച്ചുകൊണ്ട് മലയാളഭാഷയ്ക്കും സാഹിത്യത്തിനും പുതിയ ഒരു പാന്ഥാവൊരു ക്കുകയാണ് ഈ വിവർത്തന കൃതി ചെയ്തത്. സ്വാതന്ത്ര്യ സമരവും, നിരവധി നവോത്ഥാന പ്രസ്ഥാനങ്ങളും സജീവമായിരുന്ന
കേരളത്തിൽ, പാവങ്ങൾ വിസ്മയകരമായ രീതിയിൽ ചർച്ച ചെയ്യപ്പെട്ടു. ഉന്നത
കുലജാതന്മാരുടെ സ്തുതി കീർത്തനങ്ങൾ മാത്രം നിറഞ്ഞ ഒരിടത്തേക്ക് ജീൻവാൽജീൻ എന്ന പട്ടിണികൊണ്ട് മോഷണം നടത്തേണ്ടിവന്ന ഒരു മനുഷ്യന്റെ കഥ പറയുക വഴി നലപ്പാട്ട് നാരായണമേനോൻ സാമൂഹികവും, രാഷ്ട്രീയവും, സാംസ്കാരികവുമായ ഒരു വിപ്ലവമാണ് സാധ്യമാക്കിയത്. പാവങ്ങളുടെ വിവർത്തനം മലയാള സാഹിത്യത്തിന്റെ നവോത്ഥാനത്തിനാണ് വഴിവച്ചത്. 2025 ൽ പാവങ്ങൾ 100 വർഷം പിന്നിടുമ്പോൾ, നാലപ്പാടന്റെ ഈ അമൂല്യ സംഭാവനയെ ആഘോഷമാക്കുകയാണ് വന്നേരിനാട്.മെയ് 3 ശനിയാഴ്ച രാവിലെ 10 മണിമുതൽ പുന്നയൂർക്കുളത്തെ കമലാ സുരയ്യ സ്മാരകത്തിന് സമീപത്തുവച്ച് ഒരു ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന പരിപാടികളുടെ ഉദ്ഘാടനം കേരള സാഹിത്യ അക്കാദമി പ്രസിഡൻ്റ് സച്ചിദാനന്ദൻ നിർവഹിക്കും.. എൻ കെ അക്ബർ എം എൽ എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ നടൻ വി.കെ ശ്രീരാമൻ ആമുഖ പ്രഭാഷണം നടത്തും. അക്കാദമി സെക്രട്ടറി സി.പി അബൂബക്കർ, കെ.വി അബ്ദുൾ ഖാദർ,, സുലോചന നാലപ്പാട്ട്, അശോകൻ ചരുവിൽ, ഡോ. സുനിൽ പി. ഇളയിടം, ഡോ. പി.കെ രാജശേഖരൻ, ഡോ. എൻ അജയകുമാർ, റഫീക് ഇബ്രാഹിം, രമാ മേനോൻ തുടങ്ങിയവർ പങ്കെടുക്കും.വൈകീട്ട് 6 ന് പാവങ്ങൾ രംഗാവിഷ്കാര അവതരണവും ഉണ്ടാകും. വന്നേരി കൾച്ചറൽ ഫൗണ്ടേഷൻ പ്രസിഡൻ്റ് വി.കെ ശ്രീരാമൻ സെക്രട്ടറി ഡോ. രാജേഷ് കൃഷ്ണൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു
പാവങ്ങൾ നൂറാം വാർഷികാഘോഷം ശനിയാഴ്ച
