പൂരവാതിൽ തുറന്നു; പൂരങ്ങളുടെ പൂരം ഇന്ന്

തൃശൂർ: പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം ഇന്ന്. ഇന്നലെ തെക്കേഗോപുരനട തുറന്ന് നെയ്തലക്കാവിലമ്മയുടെ തിടമ്പുമായി ഗജവീരൻ എറണാകുളം ശിവകുമാർ പുറത്തേക്ക് എഴുന്നള്ളിയതോടെയാണ് പൂരത്തിനു വിളംബരമായത്. ഇന്ന് പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാരും 8 ഘടക ക്ഷേത്രങ്ങളിൽ നിന്നുമുള്ള ഭഗവതി – ശാസ്താമാരും വടക്കുംനാഥനെ വണങ്ങാനെത്തും.കണിമംഗലം ശാസ്താവ് ആണ് ആദ്യം എഴുന്നള്ളി എത്തുക. തുടർന്ന് ചെമ്പൂക്കാവ് ഭഗവതി, പനമുക്കുംപിള്ളി ശാസ്താവ്, കാരമുക്ക് ഭഗവതി, ലാലൂർ ഭഗവതി, ചൂരക്കോട്ടുകാവ് ഭഗവതി, അയ്യന്തോൾ ഭഗവതി, നെയ്തലക്കാവ് ഭഗവതി എന്ന ക്രമത്തിൽ എഴുന്നള്ളിപ്പുകൾ ഓരോരുന്നായി വടക്കുന്നാഥ ക്ഷേത്രത്തിൽ പ്രവേശിക്കും. തിരുവമ്പാടി ഭഗവതിയുടെ എഴുന്നള്ളിപ്പ് തെക്കേ മഠത്തിനു മുന്നിലെത്തുമ്പോൾ പഞ്ചവാദ്യം തുടങ്ങും. പാറമേക്കാവിൽ നിന്ന് ആരംഭിക്കുന്ന എഴുന്നള്ളിപ്പിന് ചെമ്പട മേളം അകടമ്പടിയായി ഉണ്ടാകും. ഉച്ചയ്ക്ക് രണ്ടിന് ഇലഞ്ഞിത്തറ മേളം. വൈകിട്ട് 5.30ന് തെക്കേനടയിൽ കുടമാറ്റം നടക്കും. നാളെ പുലർച്ചെ 3നാണ് വെടിക്കെട്ട്.തൃശൂര്‍ നഗരത്തിലും പരിസരപ്രദേശങ്ങളിലും രാവിലെ 6 മുതൽ ഗതാഗത നിയന്ത്രണം തുടങ്ങിയിട്ടുണ്ട്.പൂരം അവസാനിക്കുന്നതുവരെ ഒരു വാഹനങ്ങളും റൗണ്ടിലേക്ക് കടത്തിവിടില്ല. സ്വകാര്യവാഹനങ്ങള്‍ക്ക് റൗണ്ടിന്റെ ഔട്ടര്‍ റിങ്ങ് വരെ മാത്രമാണ് പ്രവേശനാനുമതിയുള്ളത്

Leave a Reply

Your email address will not be published. Required fields are marked *