പുന്നയൂർക്കുളം:പുതിയ അദ്ധ്യയന വർഷത്തിൽ പുന്നയൂർക്കുളം അണ്ടത്തോട് ജി എം എൽ പി സ്‌കൂളിന് മധുരമേറെ.പുതുതായി നിർമ്മിച്ച സ്കൂൾ കെട്ടിടം നാടിന് സമർപ്പിച്ചു.ഇത്രയും നാൾ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ ഇനി മുതൽ പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കും. സ്കൂൾ കെട്ടിടത്തിന്റെ ഉദ്‌ഘാടനം തദ്ദേശ സ്വയംഭരണ, പാർലമെന്ററികാര്യ, എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവ്വഹിച്ചു. എൻ.കെ അക്ബർ എംഎൽഎ അധ്യക്ഷനായി. 5,756 ചതുരശ്ര അടിയിൽ ആധുനിക രീതിയിൽ നിർമ്മിച്ച കെട്ടിടത്തില്‍ ആറ് ക്ലാസ് റൂമുകൾ, സ്റ്റാഫ് റൂം, കിച്ചണ്‍ എന്നിവയാണ് സജ്ജീകരിച്ചിരിക്കുന്നത്.പുതിയേടത്ത് സോമൻ എന്ന വ്യക്തി നൽകിയ 20 സെന്റ് സ്ഥലവും പഞ്ചായത്ത് വാങ്ങിയ 32 സെന്റ് സ്ഥലവും കൂടി 52 സെന്റ് സ്ഥലത്താണ് കെട്ടിടം. എംഎൽഎ ഫണ്ടിൽ നിന്നും 99.5 ലക്ഷം രൂപയും പഞ്ചായത്ത് ഫണ്ടും നാഷണൽ റർബൺ മിഷന്റെ ഫണ്ടും ചേർത്ത് 82.8 ലക്ഷം രൂപയും ലഭിച്ചതിനാലാണ് ഇവിടെ ഇത്തരമൊരു എൽപി സ്കൂളിന് ആധുനിക രീതിയിലുള്ള കെട്ടിടം സാധ്യമായത്. മൂന്ന് കോടി രൂപയുടെ കെട്ടിടവും ചുറ്റുമതിലും, പത്ത് ലക്ഷം രൂപയുടെ വർണ്ണ കൂടാരവും, എട്ട് ലക്ഷം രൂപയുടെ സ്മാർട്ട് ക്ലാസ്റൂമും ഇനിയും നിർമ്മിക്കാനിരിക്കുന്നു.
ചടങ്ങിൽ സ്ഥലം സംഭാവന നൽകിയ പുതിയേടത്ത് സോമനേയും ഇത്രയും നാൾ സ്‌കൂളിനായി കെട്ടിടം വിട്ടു തന്ന അണ്ടത്തോട് മഹല്ല് കമ്മിറ്റിയെയും സ്ഥലമെടുപ്പിനായി സഹകരിച്ച കമ്മിറ്റിയെയും മന്ത്രി ആദരിച്ചു. എക്സിക്യൂട്ടീവ് എഞ്ചിനിയർ പി.ജെ സ്മിത റിപ്പോർട്ട് അവതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നഫീസകുട്ടി വലിയകത്ത്, വൈസ് പ്രസിഡന്റ് മന്ദലാംകുന്ന് മുഹമ്മദുണ്ണി, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഹീം വീട്ടിപറമ്പിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.കെ. നിഷാർ, സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷൻമാരായ പ്രേമ സിദ്ധാർത്ഥൻ, മൂസ ആലത്തയിൽ, ബിന്ദു, ബ്ലോക്ക് മെമ്പർ ബിജു പള്ളിക്കര, പ്രൊജക്ട് ഡയറക്ടർ ടി.ജി അബിജിത്ത്, ചാവക്കാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.എം ജയശ്രീ, ചാവക്കാട് ബി.പി.സി എം.ടി സംഗീത, നിർമ്മിതി കേന്ദ പ്രൊജക്ട് എഞ്ചിനീയർ ടി.ജി ശ്രീജിത്, പി.ടി.എ. പ്രസിഡന്റ് നവാസ് അണ്ടത്തോട്, എ.ഡി ധനീപ്,വാർഡ് അംഗങ്ങൾ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീർ സ്വാഗതവും പ്രധാന അദ്ധ്യാപിക പി.എ റസിയ നന്ദിയും പറഞ്ഞു.
അണ്ടത്തോട് ജിഎംഎൽപി സ്കൂൾ കെട്ടിടം നാടിന് സമർപ്പിച്ചു
