തൃശൂർ:ചൂലൂരിൽനിന്ന് കാർ കവർന്ന കേസിൽ ദമ്പതികളടക്കം അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ആന്തിയൂർകുന്ന് സ്വദേശി അമ്പലക്കൽ വീട്ടിൽ മുബഷിർ (38), മലപ്പുറം പുളിക്കൽ സ്വദേശിനി കവുങ്ങപ്പാരമ്പിൽ വീട്ടിൽ തഫ്സീന (33), കോഴിക്കോട് ബേപ്പൂർ നടുവട്ടം സ്വദേശികളായ സി.പി വീട്ടിൽ അസ്‍ലം (55), മാളിയേക്കൽ വീട്ടിൽ സലാം (38), വലിയത്തൊടി വീട്ടിൽ മനു (37) എന്നിവരെയാണ് കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച പുലർച്ച മൂന്നരയോടെയാണ് കേസിനാസ്പദമായ സംഭവം. എടത്തിരുത്തി ചൂലൂർ സ്വദേശി വലിയകത്ത് വീട്ടിൽ മുഹമ്മദ് ജാസിമിന്റെ കാറാണ് കവർന്നത്. വീട്ടിൽ അതിക്രമിച്ചുകയറിയ പ്രതികൾ മുറ്റത്ത് നിർത്തിയിട്ട സ്വിഫ്റ്റ് ഡിസയർ കാർ കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ അലാറം അടിച്ചു. ശബ്ദംകേട്ട് പുറത്തു വന്ന് തടയാൻ ശ്രമിച്ച ജാസിമിന്റെ കാലിലൂടെ ടയർ കയറ്റിയിറക്കുകയും ഭീഷണിപ്പെടുത്തി കാർ കൊണ്ടുപോവുകയും ചെയ്ത കേസിലാണ് അറസ്റ്റ്.
തൃശൂർ ചൂലൂരിൽനിന്ന് കാർ കവർന്ന കേസിൽ ദമ്പതികളടക്കം അഞ്ചുപേർ അറസ്റ്റിൽ
