🟠🟤🟡⚪⚫🟢🔴🟣🔵
ഗുരുവായൂർ:ഗാന്ധിജിയോടുള്ള അനാദരവാണ് ഗാന്ധി പ്രതിമയുടെ വൈരൂപ്യം സൂചിപ്പിക്കുന്നത്. ഈ വിഷയം പരിഹരിക്കുവാൻ ഗുരുവായൂർ നഗരസഭ ഉടൻ ഇടപെടണമെന്ന്
ബിജെപി നോർത്ത് ജില്ലാ പ്രസിഡണ്ട് അഡ്വ. നിവേദിത സുബ്രഹ്മണ്യൻ ആവശ്യപ്പെട്ടു. അതേസമയം സിപിഎം ൻ്റെ മുൻസിപ്പൽ ചെയർമാനെതിരെ പ്രതികരിക്കാതെ കോൺഗ്രസ് നേതാവ് ടി എൻ പ്രതാപൻ സംഘപരിവാറിനെതിരെ കള്ള പ്രചരണവുമായി ഇറങ്ങിയിരിക്കുകയാണ്. മുൻസിപ്പാലിറ്റി ഗാന്ധിജിയുടെ രൂപം വികലമാക്കിയത് സംഘപരിവാറിനെ തൃപ്തിപ്പെടുത്താനാണെന്ന പ്രതാപൻ്റെ വാദം രാഷ്ട്രീയ പാപ്പരത്തമാണ് സൂചിപ്പിക്കുന്നത്. ഗാന്ധിജിയുടെ കാഴ്ചപ്പാടുകളെ പ്രചരിപ്പിക്കുവാൻ ഗ്രാമ സ്വരാജ് നടപ്പിലാക്കുവാൻ കോൺഗ്രസ് കാണിച്ചിട്ടില്ലാത്ത തീക്ഷ്ണ നിലപാടാണ് മോദി സർക്കാറിന്റെത്.ഇത് ജനങ്ങൾ കാണുന്നുണ്ട്. ഇത്തരം പ്രസ്താവനകൾ ഇനി വില പോകില്ല. പാലക്കാട് മുനിസിപ്പാലിറ്റി ഭരിക്കുന്നത് എൻഡിഎ ആണ്. അവിടെ ഗാന്ധി പ്രതിമയ്ക്ക് ഏതെങ്കിലും തരത്തിലുള്ള വൈകല്യം ഉണ്ടോ എന്ന് പ്രതാപൻ പോയി പരിശോധിക്കണം. സത്യങ്ങൾ വളച്ചെടിച്ചുകൊണ്ട് തങ്ങൾക്ക് അനുകൂലമായി സാഹചര്യങ്ങളെ മാറ്റിയെടുക്കാനുള്ള കോൺഗ്രസിൻ്റെ തത്രപ്പാടിനെ ശക്തമായി എതിർക്കുന്നതോടൊപ്പം ഗാന്ധിജിയുടെ രൂപം വികലമാക്കിയവർക്കെതിരെ നിയമ നടപടിയെടുക്കണമെന്നും വിരൂപമായ ഗാന്ധി പ്രതിമ മാറ്റി അവിടെ യഥാർത്ഥ ഗാന്ധി പ്രതിമ സ്ഥാപിക്കണമെന്നും ഭാരതീയ ജനതാ പാർട്ടി നോർത്ത് ജില്ലാ കമ്മിറ്റി ആവശ്യപ്പെടുന്നു
