ഗുരുവായൂർ:തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങൾക്കായി യുഡിഎഫ് നടത്തുന്നത് നവ പറ്റിപ്പ് യാത്രയെന്ന് ബിജെപി നോർത്ത് ജില്ല പ്രസിഡൻ്റ് അഡ്വ.നിവേദിത സുബ്രഹ്മണ്യൻ. ഗുരുവായൂരിലെ എക്കാലത്തേയും ദുരിതമായ ചക്കംകണ്ടം മാലിന്യത്തെക്കുറിച്ചുള്ള നിവേദനം യുഡിഎഫിൻ്റെ പുതുയുഗ യാത്രയിൽ യുഡിഎഫ്‌കാർ തന്നെ ജാഥ ക്യാപ്റ്റനു നൽകിയത് സൂചിപ്പിക്കുന്നത് ഈ യാത്ര മറ്റൊരു തിരഞ്ഞെടുപ്പ് പറ്റിപ്പ് യാത്രമാത്രമാണെന്നാണ്. അഴുക്കുച്ചാൽ വിഷയത്തിൽ ഒരു നിലപാടെടുക്കാൻ യുഡിഫ്‌ന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് അവർ ആരോപിച്ചു. 2014 വരെ കേന്ദ്രവും പലതവണ സംസ്ഥാനവും ഭരിച്ചിട്ടും എംപിയുണ്ടായിട്ടും ഗുരുവായൂരിലെ ഗൗരവമുള്ള മാലിന്യ പരിഹാരത്തിനുളള അഴുക്കുചാൽ പദ്ധതിയെ അട്ടിമറിക്കുവാനും തടസ്സം നില്ക്കാനും മാത്രമാണ് യുഡിഫ് ശ്രമിച്ചത്. ഗുരുവായൂരിൽ വരുന്ന ഭക്തരെയും ഇവിടത്തെ ജനങ്ങളെയും കുറിച്ച് യാതൊരു ചിന്തയും ഇല്ലാതെ പ്രവർത്തിച്ചവർ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട്, പ്രത്യേകിച്ച് സ്ഥലം എം പി യും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപി അഴുക്ക്‌ചാൽ വിഷയം പരിഹരിക്കാൻ ഗൗരവമായി മുന്നോട്ടുപോകുന്നു എന്ന് മനസിലാക്കിയ യുഡിഎഫ്,
നിയോജക മണ്ഡലത്തിലെ വോട്ടർമാരെ സ്വാധീനിക്കാനാണ് ഇത്തരം നിവേദന മാമാങ്കം നടത്തിക്കൊണ്ട് പറ്റിപ്പ് യാത്ര നടത്തുന്നതെന്നും അവർ പറഞ്ഞു. കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളെ ബുദ്ധിമുട്ടിക്കാതെ ജനങ്ങൾക്ക് വേണ്ടതായ വികസനം ഉറപ്പാക്കാൻ അവരോടൊപ്പമുണ്ട്. ഗുരുവായൂരിലെ അഴുക്ക് ചാൽ വിഷയത്തിലും പരിഹാരം കാണാൻ ബിജെപിയും കേന്ദ്ര മന്ത്രിസുരേഷ് ഗോപിയും ഒപ്പം ഉണ്ടാകുമെന്നും അവർ പത്രകുറിപ്പിലൂടെ അറിയിച്ചു
യുഡിഎഫിൻ്റെത് നവ പറ്റിപ്പ് യാത്ര: അഡ്വ.നിവേദിത
