ഗുരുവായൂർ:വിഷു ദിനത്തിൽ ഭഗവാനെ ദർശിക്കാൻ വൻ തിരക്ക്.പുലർച്ചെ 2.55 മുതൽ ഒരു മണിക്കൂറാണ് വിഷുക്കണി ദർശനം. തുടർന്ന് നിർമാല്യം, വാകച്ചാർത്ത്, അഭിഷേക ചടങ്ങുകൾ നടന്നു.വിഷുക്കണി ദർശനത്തിനു പൊതു വരിയിൽ കാത്തു നിൽക്കുന്ന ഭക്തർക്ക് മുൻഗണന നൽകിയിരുന്നു. ദേവസ്വം ഭരണസമിതി അംഗങ്ങൾ, വിവിഐപികൾ, ഭരണസമിതി അംഗങ്ങൾ ടോക്കൺ നൽകുന്ന ആയിരത്തോളം പ്രമുഖർ എന്നിവരുടെ വിഷുക്കണി ദർശനം പുലർച്ചെ 2.30ന് ആരംഭിച്ച് മുഹൂർത്ത സമയമായ 2.55ന് മുൻപായി പൂർത്തിയാക്കി. ഇവർക്കെല്ലാം പ്രത്യേക പ്രവേശന കവാടങ്ങൾ നിശ്ചയിച്ചിരുന്നു. മുതിർന്ന പൗരന്മാർ, പ്രാദേശിക ഭക്തർ എന്നിവർക്ക് 500 ടോക്കൺ വീതമാണ് നൽകിയിരുന്നത്. പ്രാദേശിക വിഭാഗത്തിനു പടിഞ്ഞാറെ ഗോപുരത്തിലും മുതിർന്ന പൗരന്മാർക്ക് ഭഗവതി ക്ഷേത്രത്തിനു മുന്നിലെ നെയ്‌വിളക്ക് കൗണ്ടർ വഴിയും പുലർച്ചെ 3.30 മുതൽ ടോക്കൺ നൽകി. ഭക്തജന തിരക്ക് നിയന്ത്രിക്കുന്നതിനു കൂടുതൽ പൊലീസിനെയും സെക്യൂരിറ്റി ജീവനക്കാരെയും ഏർപ്പെടുത്തിയിരുന്നു.
തിരക്ക് നിയന്ത്രിക്കാൻ വിവിധ തരത്തിലുള്ള നിയന്ത്രണങ്ങൾ ദേവസ്വം ഏർപ്പെടുത്തിയിരുന്നു. ഇന്നലെ വൈകിട്ടോടെ തന്നെ വലിയ തോതിൽ ഭക്തർ ക്ഷേത്രത്തിലേക്ക് എത്തിയിരുന്നു.
ഗുരുവായൂരിൽ വിഷു ദിനത്തിൽ ഭഗവാനെ ദർശിക്കാൻ വൻ തിരക്ക്
