ന്യൂനപക്ഷ വോട്ടുകൾ അകന്നു… വെള്ളാപ്പള്ളി വിഷയം തിരിച്ചടിയായി, തെരഞ്ഞെടുപ്പ് തോൽവിയിൽ സ്വയം വിമർശനവുമായി സിപിഎം

തിരുവനന്തപുരം : സംസ്ഥാനത്ത് നേരിട്ട കനത്ത തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്തുന്നതിനായി ചേർന്ന സിപിഎം സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് സമാപിക്കും.തോൽവിയുടെ കാരണങ്ങൾ അക്കമിട്ടു നിരത്തിക്കൊണ്ട് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അവതരിപ്പിച്ച റിപ്പോർട്ടിൽ, പതിവിന് വിപരീതമായി കടുത്ത സ്വയം വിമർശനങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.ന്യൂനപക്ഷ വോട്ടുകൾ പാർട്ടിയിൽ നിന്ന് പൂർണമായി അകന്നതും എസ്ഐആർ വിഷയവും തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയായെന്നാണ് പാർട്ടിയുടെ പ്രാഥമിക വിലയിരുത്തൽ.ഭരണവിരുദ്ധ വികാരവും സർക്കാരിനെതിരായ ആസൂത്രിത പ്രചാരണങ്ങളും വോട്ടുകൾ വലിയ തോതിൽ നഷ്ടപ്പെടുന്നതിന് കാരണമായതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.വരും ദിവസങ്ങളിൽ കീഴ്ഘടകങ്ങളിൽ ഉൾപ്പെടെ വിപുലമായ ചർച്ചകൾ നടത്തി മൂന്നു മാസത്തിനകം പ്രായോഗിക തിരുത്തൽ നടപടികളിലേക്ക് കടക്കാനാണ് പാർട്ടിയുടെ തീരുമാനം.വർഗീയ പരാമർശങ്ങൾ നടത്തിയ വെള്ളാപ്പള്ളി നടേശനെ പാർട്ടി കൃത്യമായ സമയത്ത് തള്ളിപ്പറയാതിരുന്നത് വലിയ തെറ്റായിപ്പോയെന്നാണ് സംസ്ഥാന കമ്മിറ്റിയിൽ ഉയർന്ന പ്രധാന സ്വയംവിമർശനം.ഇതോടൊപ്പം, ആഗോള അയ്യപ്പ സംഗമത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചത് സംഗമത്തിന്റെ ശോഭ കെടുത്തിയെന്നും വിലയിരുത്തലുകളുണ്ട്.ഇത്തരം വിഷയങ്ങളിൽ പാർട്ടി സ്വീകരിച്ച നിലപാടുകൾ വോട്ടർമാർക്കിടയിൽ തെറ്റായ സന്ദേശം നൽകാൻ ഇടയാക്കിയെന്നാണ് വിമർശനം.തളിപ്പറമ്പ് മണ്ഡലത്തിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് പാർട്ടിയിൽ കടുത്ത അമർഷം നിലനിൽക്കുന്നുണ്ട്. തളിപ്പറമ്പിൽ പി.കെ. ശ്യാമളയെ മത്സരിപ്പിച്ചത് തെറ്റായ തീരുമാനമായിരുന്നുവെന്ന് എം.വി. ഗോവിന്ദൻ തന്നെ അവതരിപ്പിച്ച റിപ്പോർട്ടിൽ സൂചനയുണ്ട്.തോൽവിയുടെ പശ്ചാത്തലത്തിൽ പാർട്ടിയിൽ അടിയന്തര തിരുത്തൽ നടപടികൾ ഉണ്ടാകുമെന്നാണ് നേതൃത്വം നൽകുന്ന സൂചന. ഇതിന്റെ ഭാഗമായി പാർട്ടിയുടെ കീഴ് ഘടകങ്ങളിൽ ഒരു റൗണ്ട് കൂടി വിശദമായ ചർച്ചകൾ സംഘടിപ്പിക്കും.മൂന്നു മാസത്തിനകം പ്രായോഗികമായ തിരുത്തലുകൾ വരുത്തി ജനപിന്തുണ തിരിച്ചുപിടിക്കാനാണ് സിപിഎം ലക്ഷ്യമിടുന്നത്.പാർട്ടിയിലെ പ്രത്യയശാസ്ത്ര-സംഘടനാപരമായ തിരുത്തലുകൾക്കായി ഒരു സംസ്ഥാന പ്ലീനം വിളിച്ചുചേർക്കുന്ന കാര്യവും നിലവിൽ സംസ്ഥാന കമ്മിറ്റിയുടെ സജീവ പരിഗണനയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *