പുന്നയൂർക്കുളം:അണ്ടത്തോട് സബ് രജിസ്ട്രാര്‍ ഓഫീസിന്റെ പുതിയ കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങുന്നു.
സർക്കാരിന്റെ വികസന പദ്ധതിയുടെ ഭാഗമായി 1.87 കോടി രൂപ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സബ് രജിസ്ട്രാര്‍ ഓഫീസിന് കെട്ടിടം നിര്‍മ്മിച്ചത്.എൻ കെ അക്ബർ എം എൽ എ യുടെ ഇടപെടലുകൊണ്ടാണ് കെട്ടിടം നിര്‍മ്മാണത്തിന് തുക ലഭ്യമായത്. സബ് രജിസ്റ്റർ ഓഫീസിന്റെ ഉദ്ഘാടനം ഈ മാസം 27ന് വൈകിട്ട് മൂന്നിന് രജിസ്ട്രേഷൻ ആർക്കിയോളജി വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർവഹിക്കും.
539.90 ചതുരശ്ര മീറ്ററിൽ രണ്ട് നിലകളിലായാണ് കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. താഴത്തെ നിലയിൽ സബ്ബ് രജിസ്ട്രാർ റൂം,ഓഫീസ് റൂം ലൈബ്രറി,ഓഡിറ്റ് റൂം ,ഡൈനിങ് ഹാൾ,വെയിറ്റിംഗ് ഏരിയ, നാല് ടോയ്ലെറ്റുകളും ഒരു ഭിന്നശേഷി സൗഹൃദ ടോയ്ലറ്റും മുകളിലത്തെ നിലയിൽ റെക്കോർഡ് റൂമുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനായിരുന്നു പുതിയ കെട്ടിടത്തിന്റെ നിർമ്മാണ ചുമതല.
1885 ഏപ്രില്‍ ഒന്നിനാണ് അണ്ടത്തോട് സബ് രജിസ്ട്രാര്‍ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചത്. പ്രതിവര്‍ഷം ശരാശരി 9000ല്‍ അധികം ബാദ്ധ്യതാ സര്‍ട്ടിഫിക്കറ്റുകളും, 4000ല്‍ അധികം ആധാരപ്പകര്‍പ്പുകളും, 3000ല്‍ അധികം ആധാരങ്ങളും വരുന്ന ഓഫീസാണിത്. ഓഫീസ് ഫയലുകളും വാല്യങ്ങളും സൂക്ഷിക്കാനുള്ള സ്ഥല സൗകര്യം പരിമിതമായതിനാലും കാലപ്പഴക്കത്താല്‍ കെട്ടിടത്തിന്റെ ചുമരുകള്‍ക്ക് വിള്ളലുകള്‍ വീണതിനാലും പുതിയ കെട്ടിടം അനിവാര്യമായിരുന്നു. പുന്നയൂർക്കുളം, പുന്നയൂർ, വടക്കേക്കാട് പഞ്ചായത്തുകളിൽ ഉൾപ്പെട്ട പുന്നയൂർക്കുളം, കടിക്കാട്, പുന്നയൂർ, വടക്കേക്കാട്, വൈലത്തൂർ, എടക്കഴിയൂർ എന്നീ ആറ് വില്ലേജുകളിലെ ഗുണഭോക്താക്കൾ അണ്ടത്തോട് സബ് രജിസ്റ്റർ ഓഫീസിന്റെ പ്രവർത്തന പരിധിയിൽ വരുന്നവരാണ്.
