പുന്നയൂര്‍ക്കുളം:പുന്നയൂർ പഞ്ചായത്തിലെ പഞ്ചവടിയിൽ അഴിമതി ആരോപണത്തെ തുടര്‍ന്ന് ഒന്നര വര്‍ഷത്തോളം പണി നടത്താതെ കിടന്ന ടേക്ക് എ ബ്രേക്ക് പദ്ധതി തുടങ്ങാനായി പഞ്ചായത്ത് വീണ്ടും രംഗത്ത്. സര്‍ക്കാര്‍ പണം സ്വകാര്യ സ്ഥാപനത്തിനു ശുചിമുറി നിര്‍മിക്കാന്‍ ചെലവാക്കുന്നുവെന്ന് ആരോപിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ പണി തടഞ്ഞു. നിര്‍മാണം വീടിന് ഭീഷണിയാണെന്ന് ആരോപിച്ച് സമീപത്തെ കുടുംബവും കോടതിയെ സമീപിച്ചു.ദേശീയ- സംസ്ഥാന പാതയോരങ്ങള്‍, സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളുടെ പരിസരം, വാണിജ്യകേന്ദ്രങ്ങള്‍, ബസ് സ്റ്റാന്റ് എന്നിവിടങ്ങളില്‍ ശുചിമുറിയും വിശ്രമ സ്ഥലവും ഒരുക്കുക എന്നതാണ് ടേക്ക് എ ബ്രേക്ക് പദ്ധതിയെന്നിരിക്കെ നൂറുകണക്കിനു ആളുകള്‍ എത്തുന്ന സ്വകാര്യ അക്വേറിയത്തിലെ ശുചിമുറി പ്രശ്‌നം പരിഹരിക്കാനാണ് പഞ്ചായത്ത് ടേക്ക് എ ബ്രേക്ക് പദ്ധതി പഞ്ചവടി ബീച്ചിലേക്ക് കൊണ്ടുവരുന്നതെന്നാണ് യുഡിഎഫ് ആരോപണം. അക്വേറിയം നല്‍കിയ 4 സെന്റ് ഭൂമിയിലാണ് 50 ലക്ഷം രൂപ ചെലവില്‍ ടേക്ക് എ ബ്രേക്ക് നിര്‍മാണം തുടങ്ങിയിട്ടുള്ളത്. ഇവിടെ എത്താന്‍ ദേശീയപാതയില്‍ നിന്നു ബീച്ച് റോഡില്‍ ഒരു കിലോമീറ്റര്‍ സഞ്ചരിക്കണം. യാത്രക്കാര്‍ക്ക് ഇതുകൊണ്ട് പ്രയോജനമില്ല. ബീച്ചിലും ശങ്കരനാരായണ ക്ഷേത്രത്തിലും എത്തുന്നവര്‍ക്ക് ഇത് ഉപകരിക്കുമെന്ന പഞ്ചായത്തിന്റെ വാദവും തട്ടിപ്പാണെന്ന് യുഡിഎഫ് ആരോപിച്ചു. രണ്ടിടത്തു നിന്നും ഇവിടേക്ക് 200 മീറ്ററോളം ദൂരമുണ്ട്.തങ്ങളുടെ ശുദ്ധജല സ്രോതസ്സിനു സമീപം സെപ്റ്റിക് ടാങ്ക് പണിയുന്നതിനെതിരെയാണ് സമീപത്തെ കുടുംബം പരാതി നല്‍കിയിട്ടുള്ളത്. പ്രതിഷേധത്തില്‍ പഞ്ചായത്തംഗങ്ങളായ എം.വി.ഹൈദരാലി, അസീസ് മന്ദലാംകുന്ന്, സുബൈദ പാലക്കല്‍, മുസ്‌ലീം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എം.കുഞ്ഞുമുഹമ്മദ്, ഐ.പി.രാജേന്ദ്രന്‍, മൊയ്തീന്‍ ഷാ പള്ളത്ത്, കെ.കെ.ഹംസകുട്ടി, ജബാര്‍, ഫൈസല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
അതേ സമയം സംഭവത്തിൽ
പ്രതികരണവുമായി പഞ്ചായത്ത് ഭരണസമിതി രംഗത്തെത്തി.
പൊതുജനങ്ങളുടെ നിരന്തരമായ ഈ ആവശ്യം പരിഹരിക്കുന്നതിനായി ഭരണസമിതി ആവശ്യപ്പെട്ടത് പ്രകാരം പഞ്ചായത്തിന് ചില വ്യക്തികൾ
എഴുതി നൽകിയ നാലര സെന്റ് സ്ഥലത്താണ് പാതയോര വിശ്രമ കേന്ദ്രം നിർമ്മിക്കുന്നതിന് പഞ്ചായത്ത് ഭരണസമിതി പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.
വിശ്രമ കേന്ദ്രം, കുളിമുറി, ടോയ്‌ലറ്റ്, ടീ ഷോപ്പ്, പാർക്കിംഗ് ഏരിയ തുടങ്ങിയ സൗകര്യങ്ങളാണ് ഇതിൽ ഒരുക്കുന്നത്.
ഇത് നിർമ്മിക്കുന്നതിൽ പരിസരവാസികൾക്ക് ഏതെങ്കിലും നിലയിലുള്ള ആശങ്കയുണ്ടെങ്കിൽ അത് പരിഹരിക്കുന്നതിന് പഞ്ചായത്ത് ഭരണസമിതി സദാസന്നദ്ധമാണ് .
എന്നാൽ പഞ്ചായത്തിന്റെ കൈവശമുള്ള ഭൂമിയിൽ ഒരു സ്ഥാപനം നിർമ്മിക്കാൻ പാടില്ല എന്ന് പറയുന്നതിനെ ഒരു നിലക്കും അംഗീകരിക്കാൻ ആവില്ല. തെറ്റായ നിലയിൽ പ്രചരിപ്പിച്ച് സമഗ്രമായ ഗ്രാമപഞ്ചായത്തിന്റെ വികസന പദ്ധതികളെ തടയാനാണ് ശ്രമമെങ്കിൽ അതിനോട് യോജിക്കാനുമാവില്ല.
പുന്നയൂർ ഗ്രാമപഞ്ചായത്തിന്റെ ഇപ്പോഴത്തെ വികസന പ്രവർത്തനങ്ങൾ കണ്ടു വിറളി പിടിച്ച യുഡിഎഫ് പ്രതിനിധികൾ പുന്നയൂരിന്‍റെ വികസന പ്രവർത്തനങ്ങളെ തടയാനാണ് ഇപ്പോൾ ഇത്തരത്തിൽ ശ്രമിക്കുന്നത്.
ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് എതിര് നിൽക്കുകയും , ടൂറിസം സാധ്യതകളുടെ വികസനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്ന പ്രവർത്തികളിൽ നിന്ന് യുഡിഎഫ് പ്രതിനിധികൾ പിന്മാറണമെന്ന് പ്രസിഡൻ്റ് ടി.വി സുരേന്ദ്രൻ പറഞ്ഞു
