ഗുരുവായൂർ:എം.എല്‍.എ ആസ്തി വികസന പദ്ധതികളും പ്രാദേശിക വികസന പദ്ധതികളും സമയബന്ധിതമായി നടപ്പിലാക്കുന്നുവെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഉദ്യോഗസ്ഥരും ഉറപ്പുവരുത്തണമെന്ന് എന്‍.കെ അക്ബര്‍ എം.എല്‍.എ.ഗുരുവായൂർ നിയോജക മണ്ഡലത്തിലെ എം.എല്‍.എ ആസ്തി വികസന പദ്ധതി, പ്രത്യേക വികസന പദ്ധതി, തദ്ദേശസ്വയംഭരണ വകുപ്പ് മുഖേന നടപ്പിലാക്കുന്ന ബജറ്റ് പ്രവര്‍ത്തികള്‍ എന്നിവ സംബന്ധിച്ച് അവലോകന യോഗം എം എൽ എ യുടെ അധ്യക്ഷതയിൽ ചാവക്കാട് പി.ഡബ്ലിയു.ഡി റസ്റ്റ് ഹൌസില്‍ ചേർന്നു. എം.എല്‍.എ യുടെ വികസന ഫണ്ട് ഉപയോഗിച്ച് നിര്‍ദ്ദേശിക്കുന്ന പ്രവര്‍ത്തികള്‍ക്ക് സമയബന്ധിതമായി ഭരണാനുമതി നല്‍കുന്നതിലും നടപ്പിലാക്കുന്നതിലും കാലതാമസം വരുന്നതായി യോഗം വിലയിരുത്തി. എം.എല്‍.എ നല്‍കുന്ന പ്രൊപ്പോസലുകളില്‍ അടിയന്തിരമായി എസ്റ്റിമേറ്റ് തയ്യാറാക്കി നല്‍കുന്നതിനും അനുബന്ധരേഖകള്‍ സമര്‍പ്പിക്കുന്നതിനും നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്ക് എം.എല്‍.എ കര്‍ശന നിര്‍ദ്ദേശം നല്‍കി. പുന്നയൂരില്‍ ഒരു കോടി ചെലവില്‍ നിര്‍മ്മിക്കുന്ന കളിസ്ഥലത്തിന്‍റെ നിര്‍മ്മാണം ആരംഭിച്ചതായി സ്പോര്‍ട്സ് കേരള എഞ്ചിനീയര്‍ യോഗത്തെ അറിയിച്ചു.കാലതാമസം വരുത്താതെ എത്രയും വേഗം കളിസ്ഥല നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ എം.എല്‍.എ സ്പോര്‍ട്സ് എഞ്ചിനീയര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഗുരുവായൂര്‍ നഗരസഭയിലെ കാവീട് മുതുവട്ടൂര്‍ റോഡ്,ചാവക്കാട് നഗരസഭയിലെ ഫിഷറീസ് ടെക്നിക്കല്‍ സ്ക്കൂള്‍ കെട്ടിടം, പുന്ന- പള്ളി റോഡ്, പുന്നയൂര്‍ ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രം കെട്ടിടം കുരഞ്ഞിയൂര്‍ ജി.എല്‍.പി.എസ് കെട്ടിടം, കടപ്പുറം ഗ്രാമപഞ്ചായത്തിലെ മൂസാപ്പള്ളി റോഡ്, ജി.എല്‍.പി.എസ് ഇരട്ടപ്പുഴ നിര്‍മ്മാണം, പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തിലെ അണ്ടത്തോട് സ്ക്കൂള്‍ നിര്‍മ്മാണം,അങ്കണവാടി നിര്‍മ്മാണം എന്നിവ സമയബന്ധിതമായി നടന്നുവരുന്നതായും ഗുരുവായൂര്‍ നഗരസഭയിലെ പിള്ളക്കാട് അഞ്ഞൂര്‍ റോഡ്,തൊഴിയൂര്‍ ഹൈസ്ക്കൂള്‍ റോഡ്, തലേങ്ങാട്ടിരി റോഡ്, കടപ്പുറം ഗ്രാമപഞ്ചായത്തിലെ ചിപ്ലി കോളനി റോഡ്,ഒരുമനയൂര്‍ ഗ്രാമപഞ്ചായത്തിലെ എരഞ്ഞാംകുളം സംരക്ഷണം, തുടങ്ങിയ പ്രവര്‍ത്തികളുടെ ടെണ്ടര്‍ ക്ഷണിച്ചതായും എക്സി.എഞ്ചിനീയര്‍ , തദ്ദേശസ്വയഭരണം യോഗത്തെ അറിയിച്ചു. എം.എല്‍.എയുടെ പ്രത്യേക വികസന പദ്ധതി പ്രകാരം എയ്ഡഡ് സ്ക്കൂളുകളായ സരസ്വതി യു.പി സ്ക്കൂള്‍, കാണംകോട്ട് സ്ക്കൂള്‍, പാലയൂര്‍ സെന്‍റ് മേരീസ് സ്ക്കൂള്‍, കുരഞ്ഞിയൂര്‍ ആദി ദ്രാവിഡ സ്ക്കൂള്‍ ബ്ലാങ്ങാട് ബി.ബി.എ.എല്‍.പി സ്ക്കൂള്‍, കൌക്കാനപ്പെട്ടി എ.എല്‍.പി സ്ക്കൂള്‍, പേരകം എ.യു.പി.എസ് എന്നിവക്ക് ടോയ്ലറ്റ്, പാചകപ്പുര എന്നിവക്ക് അനുവദിച്ച പ്രവര്‍ത്തികള്‍,മിനിമാസ്റ്റ് ലൈറ്റുകളുടെ സ്ഥാപനം എന്നിവ സമയബന്ധിതമായി നടന്നുവരുന്നതായി തദ്ദേശസ്വയംഭരണ സെക്രട്ടറിമാര്‍ യോഗത്തെ അറിയിച്ചു. മിനിമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതില്‍ അക്രഡിറ്റഡ് ഏജന്‍സികള്‍ വലിയ കാലതാമസം വരുത്തുന്നതില്‍ എം.എല്‍.എ അതൃപ്തി അറിയിച്ചു. ഏങ്ങണ്ടിയൂര്‍ തിരുമംഗലം സ്ക്കൂള്‍,അവിയൂര്‍ എ.എം.യു.പി സ്ക്കൂള്‍,എന്നിവിടങ്ങളിലെ പാചകപ്പുര നിര്‍മ്മാണം, വടക്കേക്കാട് കൈരളി വായനശാല കെട്ടിട നിര്‍മ്മാണം എന്നിവക്ക് ഉടന്‍ ഭരണാനുമതി നല്‍കുമെന്ന് ഫിനാന്‍സ് ഓഫീസര്‍ യോഗത്തെ അറിയിച്ചു. യോഗത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് തൃശൂര്‍ അസിസ്റ്റന്‍റ് ഡയറക്ടര്‍ ആന്‍സണ്‍ ജോസഫ് കെ.എ.എസ്,ഫിനാന്‍സ് ഓഫീസര്‍ സാബു, എല്‍.എസ്.ജി.ഡി എക്സി.എഞ്ചിനീയര്‍ സ്മിത, തദ്ദേശസ്വയംഭരണ സെക്രട്ടറിമാര്‍, അസി.എക്സി.എഞ്ചിനീയര്‍മാര്‍, അസി.എഞ്ചിനീയര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഗുരുവായൂർ നിയോജക മണ്ഡലത്തിലെ വിവിധ പദ്ധതികളുടെയും പ്രവര്‍ത്തികളുടെയും അവലോകന യോഗം ചേർന്നു
