കൊച്ചി: നടിയെ സിനിമയിൽ അവസരം വാഗ്ദാനം ചെയ്‌ത് ബലാത്സംഗം ചെയ്ത കേസിൽ നടനും എംഎൽഎയുമായ മുകേഷിനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. മൂന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് ചെയ്ത് വിട്ടയച്ചത്. മുൻകൂർ ജാമ്യമുള്ളതിനാലാണ് വിട്ടയച്ചതെന്നാണ് വിവരം. മുകേഷ് നൽകിയ മൊഴികൾ വീഡിയോ റെക്കോർഡ് ചെയ്തെടുത്തിട്ടുണ്ട്.
വടക്കാഞ്ചേരി പോലീസും മരട് പോലീസും രജിസ്റ്റർ ചെയ്ത രണ്ട് കേസുകളാണ് മുകേഷിനെതിരേ രജിസ്റ്റർ ചെയ്ിട്ടുള്ളത്. ഈ കേസുകളിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. കേസിൽ നേരത്തെ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു
സിനിമയിൽ അവസരവും താരസംഘടനയിൽ അംഗത്വവും വാഗ്‌ദാനം ചെയയ്ത് മരടിലെ വില്ലയിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു, ഒറ്റപ്പാലത്ത് ഷൂട്ടിങ് സ്ഥലത്ത് കാറിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചു തുടങ്ങിയവയാണ് താരത്തിനെതിരായ ആരോപണങ്ങൾ. പീഡനക്കുറ്റം, സ്ത്രീത്വത്തെ അപമാനിക്കൽ, ആക്രമിക്കണമെന്ന ഉദ്ദേശ്യത്തോടെ അതിക്രമിച്ച് കടക്കൽ, സ്ത്രീത്വത്തെ അപമാനിക്കുന്ന ആംഗ്യം കാണിക്കൽ തുടങ്ങിയ വകുപ്പുകളാണ് മുകേഷിനെതിരെ ചുമത്തിയിട്ടുള്ളത്.
