തൃശൂർ റവന്യൂ ജില്ലാ കായികമേള നടത്ത മത്സരത്തിൽ പങ്കെടുത്ത വിദ്യാർത്ഥി തളർന്നുവീണു

കുന്നംകുളം:ബോയ്സ് സ്കൂൾ സിന്തറ്റിക് സ്റ്റേഡിയത്തിൽ നടക്കുന്ന തൃശൂർ റവന്യൂ ജില്ലാ കായികമേളയിൽ നടത്ത മത്സരത്തിൽ പങ്കെടുത്ത വിദ്യാർത്ഥി പൊരിവെയിലിൽ തളർന്നുവീണു.അഞ്ച് കിലോമീറ്റർ നടത്തം പൂർത്തിയാക്കിയ ഉടനെയാണ് വിദ്യാർത്ഥി തളർന്ന് വീണത്. പാവറട്ടി സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥി ഫഹദാണ്  കുഴഞ്ഞുവീണത്. സീനിയർ വിദ്യാർത്ഥികളുടെ നടത്ത മത്സരം പൂർത്തിയാക്കിയതിനുശേഷം കായികതാരം കുഴഞ്ഞു വീഴുകയായിരുന്നു.ഉടനെ സ്റ്റേഡിയത്തിന് പുറത്തെത്തിച്ച്  കായികതാരത്തെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെയിലിന്റെ കാഠിന്യം കൊണ്ട് നടത്ത മത്സരത്തിൽ പങ്കെടുത്ത  നിരവധി വിദ്യാർത്ഥികൾ  ശർദ്ദിക്കുകയും ചെയ്തു.ഇന്നലെ വൈകിട്ട് നടത്താനിരുന്ന ജൂനിയർ, സീനിയർ വിഭാഗത്തിന്റെ അഞ്ച് കിലോമീറ്റർ നടത്തം സംഘാടകർ ഇന്നത്തേക്ക് മാറ്റിയിരുന്നു. ഇന്ന് രാവിലെ 9 മണിക്ക് നടത്തുമെന്നായിരുന്നു  വിദ്യാർഥികൾക്ക് അറിയിപ്പ് കൊടുത്തിരുന്നത്. അഞ്ച് കിലോമീറ്റർ നടത്തമത്സരം ഉച്ചയ്ക്ക് 12.30 ടെയാണ്  ആരംഭിച്ചത്.അഞ്ച് കിലോമീറ്റർ നടന്നു പൂർത്തിയാകുമ്പോഴേക്കും സീനിയർ വിഭാഗം നടത്ത മത്സരത്തിൽ പങ്കെടുത്ത വിദ്യാർത്ഥി കുഴഞ്ഞു വീഴുകയായിരുന്നു. പൊരി വെയിലിയിൽ നടത്തിയ മത്സരം ഏറെ പ്രയാസകരമായിരുന്നെന്ന് മത്സരത്തിൽ പങ്കെടുത്ത കായികതാരങ്ങൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *