ഗുരുവായൂർ ദേവസ്വം കൃഷ്ണ ഗീതി ദിനാഘോഷം നവം.15ന്; സാംസ്കാരിക സമ്മേളനം ഡോ.ചാത്തനാത്ത് അച്യുതനുണ്ണി ഉദ്ഘാടനം ചെയ്യും

ഗുരുവായൂർ:ദേവസ്വം കൃഷ്ണഗീതി ദിനം നവംബർ 15 വെള്ളിയാഴ്ച വൈവിധ്യമാർന്ന പരിപാടികളോടെ സമുചിതമായി ആഘോഷിക്കും.ദേശീയ സെമിനാർ,സാംസ്കാരിക സമ്മേളനം,ശ്രീമാനവേദ സുവർണ്ണ മുദ്ര പുരസ്കാര സമർപ്പണം,കൃഷ്ണനാട്ടം തെരഞ്ഞെടുത്ത രംഗങ്ങളുടെ അവതരണം ഉൾപ്പെടെയുള്ള പരിപാടികൾ ഉണ്ടാകും.ഗുരുവായൂരപ്പൻ്റെ ഇഷ്ട കലാരൂപമായ കൃഷ്ണനാട്ടത്തിൻ്റെ അടിസ്ഥാന ഗ്രന്ഥമാണ് കൃഷ്ണഗീതി. മാനവേദൻ കൃഷ്ണ ഗീതി രചിച്ച് ഗുരുവായൂരപ്പന് സമർപ്പിച്ചത്  കൊല്ലവർഷം 829 തുലാം 30 നാണ്.എല്ലാ വർഷവും തുലാം 30 കൃഷ്ണ ഗീതി ദിനമായി ദേവസ്വംആചരിച്ചുവരുന്നു.ഈ വർഷം നവംബർ 15 നാണ് കൃഷ്ണ ഗീതി ദിനം.അന്നേ ദിവസം രാവിലെ 6 മണിക്ക് മാനവേദ സമാധിയിൽ പ്രഭാതഭേരി,രാവിലെ 7 മണിക്ക് ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ കൃഷ്ണ ഗീതി പാരായണം ഡോ.വി.അച്യുതൻ കുട്ടി നിർവ്വഹിക്കും.രാവിലെ 10ന്  കൃഷ്ണനാട്ടവും കൃഷ്ണ ഗീതിയും സെമിനാർ നടക്കും. പ്രൊഫ. ഉഷ നങ്ങ്യാർ,ഡോ. പി. നാരായണൻ നമ്പൂതിരി എന്നിവർ പ്രബന്ധം അവതരിപ്പിക്കും. കിഴക്കേ നടയിലെ നാരായണീയം ഹാളിലാണ് സെമിനാർ ( കൗസ്തുഭം റെസ്റ്റ്  ഹൗസിന് സമീപം ). വൈകിട്ട് 5ന് മാനവേദ സമാധിയിൽ പുഷ്പാർച്ചന. തുടർന്ന്. സാസ്കാരിക ഘോഷയാത്ര. വൈകിട്ട് 6ന് ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷനാകും.പ്രൊഫ.ഡോ.ചാത്തനാത്ത് അച്യുതനുണ്ണി ഉദ്ഘാടനം നിർവ്വഹിക്കും.ചടങ്ങിൽ ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിക്കും.ചടങ്ങിൽ വെച്ച് ശ്രീമാനവേദ സുവർണ്ണ മുദ്ര പുരസ്കാരം കൃഷ്ണനാട്ടം ചുട്ടി ആശാൻ ഇ.രാജുവിനും വാസു നെടുങ്ങാടി എൻഡോവ്മെൻറ് പുരസ്കാരം കൃഷ്ണനാട്ടം തൊപ്പി മദ്ദളം ഗ്രേഡ് വൺ കലാകാരൻ സി.ഡി.ഉണ്ണിക്കൃഷ്ണനും സമ്മാനിക്കും.കൃഷ്ണനാട്ടം അരങ്ങുകളിയിലെ പ്രോൽസാഹനത്തിനുള്ള സമ്മാനങ്ങളും ചടങ്ങിൽ നൽകും.ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്, കെ.പി.വിശ്വനാഥൻ, മനോജ് ബി നായർ, വി.ജി.രവീന്ദ്രൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ സന്നിഹിതരാകും.സാംസ്കാരിക സമ്മേളനത്തിനു ശേഷം കൃഷ്ണനാട്ടം തെരഞ്ഞെടുത്ത രംഗങ്ങളുടെ അവതരണവും ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *