തട്ടകദേശങ്ങൾ ഒരുങ്ങി; ഉത്രാളിക്കാവ് പൂരം ഇന്ന്

വടക്കാഞ്ചേരി:പൈതൃകത്തനിമയും കല-സാംസ്കാരിക മഹിമയും സമന്വയിക്കുന്ന ഉത്രാളിക്കാവ് പൂരം ചൊവ്വാഴ്ച ആഘോഷിക്കും. പൂരത്തെ വരവേൽക്കാൻ നാടൊരുങ്ങി. എങ്കക്കാട്, കുമരനെല്ലൂർ, വടക്കാഞ്ചേരി ദേശങ്ങളാണ് ഉത്സവത്തിന് ചുക്കാൻപിടിക്കുന്നത്. ഒരാഴ്‌ച മുമ്പുതന്നെ അതത് തട്ടകദേശങ്ങളിൽ ഉത്സവപ്രേമികളുടെ മനംകവരുന്ന കലാരാവുകൾ തുടങ്ങിയിരുന്നു. ദൂരെദിക്കുകളിൽനിന്ന് ബന്ധുമിത്രാദികൾ ഉൾപ്പെടെയുള്ളവർ പൂരം കാണാൻ നാട്ടിലെത്തിയിട്ടുണ്ട്.
പഞ്ചവാദ്യമേള പെരുക്കങ്ങളും മാനത്ത് ഇന്ദ്രജാലം തീർക്കുന്ന വെടിക്കെട്ടും ആസ്വദിക്കാൻ ഉത്രാളിക്കാവ് പാടത്തേക്ക് പൂരപ്രേമികളുടെ പ്രവാഹം പതിവാണ്. ആനച്ചമയപ്രദർശനം കാണാൻ കുടുംബസമേതം പൂരാസ്വാദകർ ഒഴുകിയെത്തി. വടക്കാഞ്ചേരി വിഭാഗം പ്രദർശനം ശിവക്ഷേത്രപരിസരത്തും എങ്കക്കാടിന്റേത് ഉത്രാളിക്കാവ് ക്ഷേത്രപരിസരത്തും കുമരനെല്ലൂർ വിഭാഗം പൂരനിലാവ് അരങ്ങേറിയ മൈതാനത്തുമാണ് പ്രദർശനം ഒരുക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *