വടക്കേക്കാട് :തൃശ്ശൂർ ജില്ലയിലെ വൈലത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന തലക്കോട്ടൂർ തറവാട്ട് സംഗമം 25 വർഷം പൂർത്തിയാക്കുന്നു. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ക്രൈസ്തവ തറവാടായ തലക്കോട്ടൂർ ഇന്ന് കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കുടുംബങ്ങൾ ഉള്ള ഒരു കൂട്ടായ്മയായി വളർന്നു കഴിഞ്ഞു. മാർത്തോമ പാരമ്പര്യം പേറുന്ന പാലയൂർ പ്രദേശത്ത് രൂപപ്പെട്ട ഈ കുടുംബം സമൂഹത്തിന്റെ വിവിധ മേഖലകളിൽ ചരിത്രപരമായ പ്രാതിനിധ്യം പ്രകടമാക്കിയിട്ടുണ്ട്.തലക്കോട്ടൂർ കുടുംബത്തിൻറെ ഐക്യവും, പാരസ്പര്യത്തിൽ ഊന്നിയ ശക്തിയും ഈട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെ വൈലത്തൂർ ആസ്ഥാനമായി 2000 ത്തിലാണ് തലക്കോട്ടൂർ തറവാട് സംഗമം രൂപീകരിച്ചത്. മെയ് 18 ന് ഞായറാഴ്ച വൈലത്തൂർ സെൻറ് സിറിയക് പള്ളിയിൽ സിൽവർ ജൂബിലി ആഘോഷങ്ങളും വിശാല കുടുംബ സംഗമവും നടക്കും. വൈകീട്ട് 3 ന് വിശുദ്ധ കുർബാനയോടെ ആരംഭിക്കുന്ന ചടങ്ങുകൾക്ക് തറവാട്ടിലെ മുതിർന്ന അംഗങ്ങളായ ജേക്കബ് തലക്കോട്ടൂർ,ടി പി എബ്രഹാം, കത്രീന ആന്റണി എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തും. തുടർന്ന് മതബോധന ഹാളിൽ നടക്കുന്ന പൊതുസമ്മേളനം മുംബൈ കല്യാൺ രൂപതയിൽ സേവനം അനുഷ്ഠിച്ചു വരുന്ന ഫാ. ദേവമിത്ര നീലംങ്കാവിൽ ഉദ്ഘാടനം ചെയ്യും. പ്രസിഡണ്ട് ലൂക്കോസ് തലക്കോട്ടൂർ അധ്യക്ഷത വഹിക്കും.സോവനീർ പ്രകാശനം വൈലത്തൂർ പള്ളി വികാരി റവ. ഫാ. വർഗീസ് പാലത്തിങ്കൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജിൻസി ബാബുവിനെ കൈമാറിക്കൊണ്ട് നിർവഹിക്കും. ചടങ്ങിൽ പ്രതിഭകളെ ആദരിക്കൽ, കലാപരിപാടികൾ,സ്നേഹവിരുന്ന് എന്നിവയുണ്ടാകും.വാർത്താ സമ്മേളനത്തിൽ പ്രസിഡൻറ് ലൂക്കോസ് തലക്കോട്ടൂർ,സെക്രട്ടറി സജി ടി.എ,റ്റി .ഐ കുര്യാക്കോസ്, ഡെന്നി ടി.ജെ എന്നിവർ പങ്കെടുത്തു.
സിൽവർ ജൂബിലി നിറവിൽ തലക്കോട്ടൂർ തറവാട് വിശാല സംഗമം
