തൃശൂർ:സംസ്ഥാനത്തെ തദ്ദേശതിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വ്യാഴാഴ്ച ഏഴുജില്ലകളിലായി നടന്ന വോട്ടെടുപ്പിൽ ആറുമണി വരെയുള്ള കണക്കുകൾ
പ്രകാരം 74.52 ശതമാനം പോളിങ് രേഖപ്പെടുത്തി. ഇത് അന്തിമകണക്കല്ല.
തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ തദ്ദേശസ്ഥാപനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. വൈകീട്ട് ആറുമണിവരെയുള്ള കണക്കനുസരിച്ച് തൃശ്ശൂരിൽ 71.14 ശതമാനവും പാലക്കാട് 74.89 ശതമാനവും പോളിങ് രേഖപ്പെടുത്തി. മലപ്പുറത്ത് 76.11 ശതമാനവും കോഴിക്കോട് 75.73 ശതമാനവും വോട്ട് രേഖപ്പെടുത്തി. വയനാട് 76.26 ശതമാനവും കണ്ണൂരിൽ 74.64 ശതമാനവും കാസർകോട് 73.02 ശതമാനവും പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്.
വൈകീട്ട് ആറുമണിയോടെ വോട്ടെടുപ്പ് സമയം അവസാനിച്ചെങ്കിലും ക്യൂവിലുള്ളവർക്ക് വോട്ട് ചെയ്യാൻ അവസരമെരുക്കിയിരുന്നു. ഇവർക്ക് പ്രിസൈഡിങ് ഓഫീസർ ഒപ്പിട്ട സ്ലിപ്പ് നല്കി. ക്യൂവിലെ അവസാനയാൾക്ക് വരെ ഇത്തരത്തിൽ സ്ലിപ്പ് നൽകി.
തുടർന്ന് ഇവരും വോട്ട് രേഖപ്പെടുത്തിയശേഷം മാത്രമേ പോളിങ് അവസാനിപ്പിച്ചത്. പലയിടങ്ങളിലും ആറുമണിക്ക് ശേഷവും ഒട്ടേറെപേർ വോട്ട് ചെയ്യാനായി വരിനിൽക്കുന്നുണ്ടായിരുന്നു.
തദ്ദേശതിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു; 74.52 ശതമാനം പോളിങ്
