വടക്കേക്കാട്:പൊതുമരാമത്ത് വകുപ്പ് ബഡ്ജറ്റ് വർക്ക് 2025-26 പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന നായരങ്ങാടി ചക്കിത്തറ കൊച്ചന്നൂർ റോഡിൻ്റെ നിർമ്മാണോദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. നായരങ്ങാടിയിൽ നടന്ന ചടങ്ങിൽ എൻ.കെ അക്ബർ എംഎൽഎ അധ്യക്ഷത വഹിച്ചു.അതേസമയം ഉദ്ഘാടനം ചടങ്ങിൽ നിന്ന് വടക്കേക്കാട് പഞ്ചായത്ത് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് അടക്കമുള്ളവർ വിട്ടുനിന്നു.പഞ്ചായത്ത് ഭരണസമിതിയുമായി കൂടിയാലോചിക്കാതെ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് തിരക്ക് പിടിച്ചു നടത്തുന്ന ഉദ്ഘാടനം മാമാങ്കത്തിൽ പങ്കെടുക്കേണ്ട എന്ന പാർട്ടി നിർദേശത്തെ തുടർന്നാണ് കോൺഗ്രസ് അംഗങ്ങൾ പരിപാടിയിൽ നിന്ന് വിട്ടുനിന്നത്.കൂടാതെ റോഡ് കടന്നുപോകുന്ന വാർഡുകളിലെ മെമ്പർമാരെയും ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നില്ല.ഞമനേങ്ങാട് സെൻ്ററിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം ചടങ്ങിലേക്കും ആ വാർഡിലെ മെമ്പറെ ക്ഷണിച്ചിരുന്നില്ലെന്ന് കോൺഗ്രസ് ആരോപിച്ചു. റോഡ് നവീകരണത്തിൻ്റെ
ആദ്യഘട്ടമായി നായരങ്ങാടി മുതൽ ചക്കിത്തറ വരെയുള്ള 1.950 കിലേ മീറ്റർദൂരം 2.38 കോടി രൂപ ചിലവിൽ ബിഎം ബിസി നിലവാരത്തിൽ പുനർ നിർമ്മിക്കുകയാണ് ചെയ്യുന്നത്.
ചിപ്പിങ് കാർപെറ്റ് നിലവാരത്തിലുള്ള റോഡിൽ താഴ്ന്ന ഭാഗങ്ങൾ ഉയർത്തി ശരാശരി 3.50 – നാല് മീറ്റർ വീതിയിൽ ബി എം ,ബിസി നിലവാരത്തിൽ അഭിവൃദ്ധിപ്പെടുത്തും.കൂടാതെ ഇരുവശങ്ങളിലുമായി 1060 മീറ്റർ കാന,രണ്ട് കലുങ്കുകളുടെ പുനർനിർമ്മാണം, ഇരു വശങ്ങളിലുമായി 320 മീറ്റർ നീളത്തിൽ ഡ്രെയിൻ എന്നിവയും റോഡ് സുരക്ഷയുടെ ഭാഗമായി സീബ്രാ ലൈനുകൾ, റിഫ്ലക്ടറുകൾ,ദിശാബോർഡുകൾ തുടങ്ങിയവയും ഈ പ്രവർത്തിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കെ എസ് ഇ ബി,വാട്ടർ അതോറിറ്റി എന്നിവരുടെ യൂറ്റിലിറ്റി ഷിഫ്റ്റിങ്ങിനായി 5.65 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. റോഡ് നവീകരണം പൂർത്തീകരിക്കുന്നതോടെ ഏറെ നാളായുള്ള പ്രദേശവാസികളുടെ യാത്ര ദുരിതത്തിന് പരിഹാരമാവുകയും ഈ റോഡിലൂടെയുള്ള ഗതാഗത സൗകര്യം വർദ്ധിക്കുകയും നാടിന്റെ പൊതുവികസനത്തിന് ആക്കം കൂട്ടുകയും ചെയ്യുമെന്ന് എം എൽ എ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. യോഗത്തിൽ പഞ്ചായത്തംഗങ്ങളായ കെ.വി ജിതേഷ് കുമാർ, അശോകൻഎടക്കാട്ട്,ഷനിൽ, രുഗ്മ്യ സുധീർ,നിഷിത,സിപിഎം ലോക്കൽ സെക്രട്ടറി വിനോദ് വാഴപ്പുറത്ത്,സിപിഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം മനോജ്,കേരള കോൺഗ്രസ് (എം) മണ്ഡലം പ്രസിഡണ്ട്ബെന്നി ചെറുവത്തൂർ, പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എൻജിനീയർ സി.രാകേഷ്, അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ എൻ.വി ആൻറണി,എ.ഇ ശാലിനിത.കെ തുടങ്ങിയവർ പങ്കെടുത്തു
നായരങ്ങാടി ചക്കിത്തറ കൊച്ചന്നൂർ റോഡ് നിർമ്മാണോദ്ഘാടനം നടത്തി… കോൺഗ്രസ് ഉദ്ഘാടനചടങ്ങ് ബഹിഷ്കരിച്ചു
