ദില്ലി:ആധാർ കാർഡ് ഉടമകൾക്ക് ഔദ്യോഗികമായി ആധാർ കൊണ്ടുനടക്കാനുള്ള എം ആധാർ സംവിധാനം സർക്കാർ അവസാനിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. ആധാർ കാർഡ് ഫോണുകളിൽ ഡിജിറ്റലായി കൈകാര്യം ചെയ്യുന്നതിൽ വലിയ മാറ്റങ്ങളുണ്ടായേക്കുമെന്നാണ് സൂചന. വ്യക്തിഗത വിവരങ്ങളുടെ സുരക്ഷ ശക്തമാക്കുന്നതിനും ഡിജിറ്റൽ വെരിഫിക്കേഷൻ സിസ്റ്റം സജീവമാക്കുന്നതിനുമായി യുണീക്ക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (UIDAI) നിർദേശപ്രകാരമാണ് മാറ്റത്തിനൊരുങ്ങുന്നത്.
പുതിയ മാറ്റം സ്ഥിരീകരിച്ചുകൊണ്ട് ഔദ്യോഗിക എക്സ് ഹാൻഡിലിലൂടെ ആധാർ (UIDAI) തന്നെയാണ് വിവരമറിയിച്ചത്. ഉപയോക്താക്കളോട് പുതുതായി ലോഞ്ച് ചെയ്യുന്ന ആപ്പിലേക്ക് മാറാനും നിർദേശിച്ചിട്ടുണ്ട്. ‘എം ആധാർ സംവിധാനം ഉടൻ തന്നെ അവസാനിക്കുന്നതായിരിക്കും. കൂടുതൽ സുഗമമവും സൗകര്യപ്രദവുമായി സംവിധാനങ്ങൾ ഉപയോഗപ്പെടുത്താൻ പുതിയ ആധാർ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക. മുൻപുണ്ടായിരുന്നതിനേക്കാൾ ഫലപ്രദവും സുരക്ഷിതത്വമുള്ളതു മായിരിക്കും പുതിയ ആപ്ലിക്കേഷനെന്നാണ് പ്രതീക്ഷ. യുഐഐഡിഎഐ എക്സിൽ കുറിച്ചു.ക്യൂആർ കോഡ് ഉപയോഗപ്പെടുത്തിക്കൊണ്ട് ആധാർ കാർഡ് വിവരങ്ങൾ പങ്കുവെക്കാനാകുമെന്നതാണ് പുതുതായി ചേർത്ത ഏറ്റവും വലിയ സൗകര്യം. ഹോട്ടൽ, ഹോസ്പിറ്റൽ, സർക്കാർ ഓഫീസുകൾ, മറ്റ് സർവീസ് സെന്‍ററുകൾ എന്നിവിടങ്ങളിൽ ആധാർ വിവരങ്ങൾ ചേർക്കാൻ പുതിയ സംവിധാനം ഏറെ പ്രയോജനം ചെയ്യുമെന്നാണ് വിലയിരുത്തൽ.ഓതന്‍റിഫിക്കേഷൻ സിസ്റ്റത്തിലും വലിയ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ടെന്നാണ് വിവരം. എസ്എംഎസ് വഴിയുള്ള ഒടിപി മുഖേന മാത്രമേ നേരത്തെ ആധാർ വെരിഫിക്കേഷന് വേണ്ടി ഉപയോഗിക്കാൻ സാധിക്കുമായിരുന്നുള്ളൂ. ഒടിപിക്ക് പുറമേ, ഫേസ് ഓതന്‍റിഫിക്കേഷനും ക്യൂആർ വെരിഫിക്കേഷനും ഉപയോഗിക്കാൻ സാധിക്കും.
എം ആധാർ ഇനിയില്ല; പകരം കൂടുതൽ സുരക്ഷിതമായി പുതിയ ‘ആധാർ’ ആപ്പ്
