ചാവക്കാട്:ഗുരുവായൂർ നിയോജക മണ്ഡലത്തിലെ എം.എല്‍.എ ആസ്തി വികസന പദ്ധതി, പ്രത്യേക വികസന പദ്ധതി, തദ്ദേശസ്വയംഭരണ വകുപ്പ് മുഖേന നടപ്പിലാക്കുന്ന ബജറ്റ് പ്രവര്‍ത്തികള്‍ എന്നിവ സംബന്ധിച്ച് അവലോകന യോഗം എൻ കെ അക്ബർ എം എൽ എ യുടെ അധ്യക്ഷതയിൽ ചാവക്കാട് പി.ഡബ്ലിയു.ഡി റസ്റ്റ് ഹൌസില്‍ ചേർന്നു. തദ്ദേശസ്വയംഭരണവകുപ്പ് മുഖേന നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദാംശങ്ങള്‍ തദ്ദേശസ്വയംഭരണ വകുപ്പ് തൃശൂര്‍ ജില്ലാ എക്സിക്യുട്ടീവ് എഞ്ചിനീയറും തദ്ദേശസ്വയംഭരണ അസി.ഡയറക്ടറും യോഗത്തില്‍ അവതരിപ്പിച്ചു. ഫിനാന്‍സ് ഓഫീസര്‍ യോഗത്തില്‍ പങ്കെടുത്തു. മണത്തല ഗവ. ഹയര്‍സെക്കണ്ടറി സ്ക്കൂളിലെ കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തി ജൂലൈ മാസത്തില്‍ പൂര്‍ത്തീകരിക്കാന്‍ നിര്‍വ്വഹണ ഏജന്‍സിയായ കിറ്റ്ക്കോയോട് എം.എല്‍.എ ആവശ്യപ്പെട്ടു. മണത്തല സ്ക്കൂളില്‍ സ്റ്റേജ് നിര്‍മ്മാണം വിദ്യാഭ്യാസ വകുപ്പിന്‍റെ പ്ലാന്‍ഫണ്ടില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭിച്ച പുതിയ ക്ലാസ്സ് റൂം എന്നിവയുടെ നിര്‍മ്മാണം എന്നിവ സംബന്ധിച്ച് ചാവക്കാട് നഗരസഭ, പൊതുമരാമത്ത് കെട്ടിടവിഭാഗം, വിദ്യാഭ്യാസ വകുപ്പ് എന്നിവരുടെ സംയുക്ത യോഗം ചേരുന്നതിന് യോഗത്തില്‍ തീരുമാനമായി. മണ്ഡലത്തില്‍ നടപ്പിലാക്കുന്ന തദ്ദേശ റോഡ് പുനരുദ്ധാരണ പ്രവര്‍ത്തികള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കുന്നുവെന്ന് ബന്ധപ്പെട്ട എഞ്ചിനീയര്‍മാര്‍ ഉറപ്പുവരുത്തണമെന്നും എം.എല്‍.എ നിര്‍ദ്ദേശിച്ചു.. ബജറ്റില്‍ ഉള്‍പ്പെട്ട 5 കോടി രൂപയുടെ ചാവക്കാട് നഗരസഭ ഓഫീസ് നിര്‍മ്മാണ പ്രവര്‍ത്തി ആരംഭിച്ചതായും പൈലിംഗ് പ്രവര്‍ത്തി നടന്നുവരുന്നതായും തദ്ദേശ വകുപ്പ് എക്സി.എഞ്ചിനീയര്‍ സ്മിത യോഗത്തെ അറിയിച്ചു ഗുരുവായൂര്‍ നഗരസഭയില്‍ ബയോപാര്‍ക്കിലും റെയില്‍വേ ഓവര്‍ബ്രിഡ്ജിന് താഴെയും അനുവദിച്ച ഓപ്പണ്‍ ജിമ്മുകള്‍ സ്ഥാപിക്കുന്നതില്‍ വന്ന കാലതാമസത്തില്‍ എം.എല്‍.എ അതൃപ്തി അറിയിച്ചു. എത്രയും വേഗം ആയത് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഗുരുവായൂര്‍ നഗരസഭ സെക്രട്ടറിക്കും എക്സി.എഞ്ചിനീയര്‍ക്കും എം.എല്‍.എ കര്‍ശന നിര്‍ദ്ദേശം നല്‍കി. പുന്നയൂര്‍ക്കുളം ജി.എല്‍.പി.എസിനുള്ള സ്ക്കൂള്‍ ബസ് ലഭിച്ചതായും രജിസ്ട്രേഷന്‍ നടപടികള്‍ സ്വീകരിച്ച് വരുന്നതായും എ.ഇ.ഓ യോഗത്തെ അറിയിച്ചു. എം.എല്‍.എ ഫണ്ട് നിര്‍ദ്ദേശങ്ങളില്‍ സമയബന്ധിതമായി തീരുമാനമെടുത്ത് നല്‍കാത്ത കടപ്പുറം ഗ്രാമപഞ്ചായത്ത് നടപടിയില്‍ എം.എല്‍എ അതൃപ്തി അറിയിച്ചു. കാലവര്‍ഷക്കെടുതിയുടെ ഭാഗമായി മണ്ഡലത്തില്‍ അനുവദിച്ച റോഡ് പുനരുദ്ധാര പ്രവര്‍ത്തികളുടെ ടെണ്ടറില്‍ ആരുംപങ്കെടുക്കാത്ത സാഹചര്യത്തില്‍ റീടെണ്ടര്‍,ക്വട്ടേഷന്‍ വിളിക്കുന്നതിന് യോഗത്തില്‍ തീരുമാനമായി. തദ്ദേശ അസി.ഡയറക്ടര്‍ മീര, ഫിനാന്‍സ് ഓഫീസര്‍ എ.ജെ ബാബു, എല്‍.എസ്.ജി.ഡി എക്സി.എഞ്ചിനീയര്‍ സ്മിത,തദ്ദേശസ്വയംഭരണ സെക്രട്ടറിമാര്‍, അസി.എക്സി.എഞ്ചിനീയര്‍മാര്‍, അസി.എഞ്ചിനീയര്‍മാര്‍,ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ചാവക്കാട് മണത്തല ഗവ. ഹയര്‍സെക്കണ്ടറി സ്കൂളിലെ നിര്‍മ്മാണ പ്രവര്‍ത്തി ജൂലൈ മാസത്തില്‍ പൂര്‍ത്തീകരിക്കണം – എന്‍.കെ അക്ബര്‍ എം.എല്‍.എ
