നാരായണീയ ദിനാഘോഷം;ദേശീയ സെമിനാർ നടത്തി

ഗുരുവായൂർ:നാരായണീയദിനാഘോഷത്തിൻ്റെ ഭാഗമായി ഗുരുവായൂർ ദേവസ്വത്തിൻ്റെ ആഭിമുഖ്യത്തിൽ ദേശീയ സെമിനാർ നടത്തി. മേൽപുത്തൂർ നാരായണ ഭട്ടതിരിയുടെ കാവ്യലോകവും കവി നൽകിയ ആത്മ സന്ദേശവും പ്രബന്ധങ്ങളായി സഹൃദയർക്ക് മുന്നിൽ അവതരിപ്പിക്കപ്പെട്ടു.ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ സ്വാഗതം ആശംസിച്ച ചടങ്ങ് കോഴിക്കോട് സർവ്വകലാശാല സംസ്കൃത വകുപ്പ് മുൻ മേധാവി ഡോ.പി.നാരായണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു..
വ്യാകരണ – മീമാംസാ ശാസ്ത്രങ്ങളിൽ അഗാധ പാണ്ഡിത്യം നേടിയ മേൽപ്പുത്തൂരിന്റെ കൃതികളും ദർശനവും ആഴത്തിൽ പഠിക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.
ശ്രീപാദ സപ്തതി എന്ന വിഷയത്തിൽ കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ റിട്ട. പ്രൊഫസർ വി.ആർ. മുരളീധരൻ ആദ്യ പ്രബന്ധം അവതരിപ്പിച്ചു.
മേൽപ്പുത്തൂരിന്റെ കാവ്യഭാവനയും സൗന്ദര്യാനുഭൂതിയും ഭക്തിയുടെ പശ്ചാത്തലത്തിൽ വളരെ മനോഹരമായി ശ്രീപാദസപ്തതിയിൽ സമന്വയിച്ചിരിക്കുന്നതായി ഡോ.വി ആർ
മുരളീധരൻ അഭിപ്രായപ്പെട്ടു. തുടർന്ന് നാരായണീയത്തിലൂടെ കവി നൽകുന്ന ആത്മ സന്ദേശം എന്ന വിഷയം ഡോ.എൻ.കെ.സുന്ദരേശ്വരൻ അവതരിപ്പിച്ചു.
ലോകത്തിന്റെ മുഴുവൻ പീഡകൾ ഇല്ലാതാക്കുന്നതിനുള്ള പ്രാർത്ഥനകളാണ് മേൽപ്പുത്തുരിൽ നിന്ന് നാരായണീയത്തിന്റെ രൂപത്തിൽ സംഭവിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ദേവസ്വം ചുമർചിത്ര പഠന കേന്ദ്രം ചിത്രശാലാ ഹാളിൽ നടന്ന സെമിനാറിൽ ഡോ: ലക്ഷ്മി ശങ്കർ മോഡറേറ്ററായി.

Leave a Reply

Your email address will not be published. Required fields are marked *