അരിയന്നൂരിൽ അയ്യപ്പഭക്തർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ഇടിച്ച് വഴിയാത്രികൻ മരിച്ചു

ഗുരുവായൂർ:അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് ഇടിച്ച് വഴി യാത്രികന്‍ മരിച്ചു. കണ്ടാണശ്ശേരി മണപ്പറമ്പില്‍ കുഞ്ഞുകുട്ടന്‍ എന്ന ശ്രീനിവാസൻ (59) ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിയോടെ അരിയന്നൂര്‍ മൈത്രി കല്യാണ മണ്ഡപത്തിന് സമീപത്ത് വെച്ചായിരുന്നു അപകടം. ശബരിമല ദര്‍ശനം കഴിഞ്ഞ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തൊഴാന്‍ വരികയായിരുന്ന കോഴിക്കോട് സ്വദേശികളായ അയ്യപ്പഭക്തര്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. അമിത വേഗതയിലായിരുന്ന വാഹനം നിയന്ത്രണം വിട്ട് റോഡിന്റെ വശത്തെ കലുങ്ക് ഇടിച്ച് തകര്‍ത്താണ് കുഞ്ഞുകുട്ടന്റെ ദേഹത്തേക്ക് പാഞ്ഞു കയറിയത്. ഇടിയുടെ ആഘാതത്തില്‍ സമീപത്തെ കാനയിലേക്ക് തെറിച്ചു വീണ കുഞ്ഞുകുട്ടന്‍ തല്‍ക്ഷണം മരിക്കുകയായിരുന്നു. കാറിലെ യാത്രികരായ
കോഴിക്കോട് താഴെ മാറാട് പ്രബീഷ് (42) കുന്നമംഗലം തിയ്യം കണ്ടിയില്‍ ഷനോജ് (44) എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. മരിച്ച കുഞ്ഞുകുട്ടനെയും പരിക്കേറ്റ ഇരുവരെയും ഗുരുവായൂര്‍ ആക്ട്‌സ് പ്രവര്‍ത്തകര്‍ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള കുഞ്ഞു കുട്ടന്റെ മൃതദേഹം പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ് മാര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. രാഗിയാണ് കുഞ്ഞുകുട്ടന്റെ ഭാര്യ. അനഘ മകളാണ്.

Leave a Reply

Your email address will not be published. Required fields are marked *