തൃശൂർ:ബിജെപി മഹിളാ സംഗമത്തിൽ പങ്കെടുക്കാൻ ഇന്ന്
തൃശൂരിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാൻ ഒരുങ്ങി പൂരനഗരി.
പൂരാവേശത്തോടെയാണ് നഗരം പ്രധാനമന്ത്രിയെ വരവേൽക്കാനൊരുങ്ങുന്നത്.
ഉച്ചയ്ക്ക് രണ്ടോടെ കുട്ടനെല്ലൂർ ഹെലിപാഡിലാണ് പ്രധാനമന്ത്രി എത്തുക.തുടർന്ന് റോഡുമാർഗ്ഗം തൃശൂരിലെത്തും.ജില്ലാ കലക്ടർ ഉൾപ്പെടെയുള്ളവർ ചേർന്ന് അദ്ദേഹത്തിന് സ്വീകരണം നൽകും.2.30 ന് സ്വരാജ് റൗണ്ടിൽ എത്തും.തുടർന്ന് രണ്ട് ലക്ഷം വനിതകൾ അണിനിരക്കുന്ന മഹിളാ സമ്മേളനത്തിലും റോഡ് ഷോയിലും പങ്കെടുത്ത് 4.30 നാണ് പ്രധാനമന്ത്രി തിരിച്ചു പോവുക.
കുട്ടനെല്ലൂരിൽ നിന്നും നെടുമ്പാശ്ശേരി വഴിയായിരിക്കും മടക്കയാത്ര.കഴിഞ്ഞ അഞ്ചു വർഷത്തിനിടെ മൂന്നാം തവണയാണ് ജില്ലയിലേക്ക് പ്രധാനമന്ത്രി എത്തുന്നത്.2019 ലെ ലോക്സഭ തിരഞ്ഞെടുപ്പു പ്രചരണത്തിനും പിന്നീട് ഗുരുവായൂർ ദർശനത്തിനുമാണ് പ്രധാനമന്ത്രി എത്തിയിരുന്നത്.
