എടപ്പാൾ:ആനക്കര റൂട്ടിലെ തിരുമാണിയൂരിൽ നിന്ന്
2250 കിലോഗ്രാം പഴയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു.
മത്സ്യവുമായി പോകുകയായിരുന്ന ലോറി നാട്ടുകാർ തടഞ്ഞുവെച്ച് അധികാരികളെ ഏൽപ്പിക്കുകയായിരുന്നു. ആരോഗ്യ-ഭക്ഷ്യ സുരക്ഷാ വകുപ്പുദ്യോഗസ്ഥരെത്തി നടത്തിയ പരിശോധനയിൽ വിൽപനക്ക് യോഗ്യമല്ലെന്ന് കണ്ടെത്തിയ മത്സ്യം കുഴിവെട്ടി മൂടി നശിപ്പിച്ചു. ഗൂഗിൾ മാപ്പ് നോക്കിവരുന്നതിനിടെ വഴിതെറ്റി ഗ്രാമീണ റോഡിലൂടെ പോവുകയായിരുന്ന ലോറി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു .ഗുജറാത്തിൽ നിന്ന് കോഴിക്കോട് മാർക്കറ്റിലെത്തിച്ച മത്സ്യം ദുർഗന്ധം വമിച്ചിരുന്നതിനാൽ അവിടുത്തെ കച്ചവടക്കാർ ഏറ്റെടുക്കാൻ തയ്യാറായില്ല. ഇതോടെയാണ് സംസ്ഥാന പാതയിലൂടെ കുന്നംകുളം മാർക്കറ്റിലെത്തിക്കാനായി ലോറിക്കാർ യാത്ര തിരിച്ചത്. കണ്ടനകത്തെത്തിയതോടെ ഗൂഗിൾമാപ്പ് ചേകന്നൂർ റോഡിലേക്ക് വഴി കാണിച്ചു. ഈ വഴിയിൽ മറ്റൊരു വാഹനത്തിന് അരിക് കൊടുക്കുന്നതിനിടയിൽ റോഡിലേക്കൊഴുകിയ ദുർഗന്ധപൂരിതമായ വെള്ളം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഗ്രാമപ്പഞ്ചായത്തംഗം കുമാരന്റെ നേതൃത്വത്തിൽ വാഹനം തടഞ്ഞു. നാട്ടുകാരുമായി വാക്കേറ്റവുമുണ്ടായി. ഇതോടെ ജനങ്ങൾ മത്സ്യപ്പെട്ടികളിൽ മണ്ണെണ്ണയുംപെട്രോളുമൊഴുക്കാനൊരുങ്ങി.പിന്നീട് പോലീസും ആരോഗ്യവകുപ്പുദ്യോഗസ്ഥരും ഭക്ഷ്യസുരക്ഷാ വിഭാഗവും സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ ദിവസങ്ങളോളം പഴക്കമുള്ളതും ഉപയോഗയോഗ്യമല്ലാത്തതുമാണ് മത്സ്യമെന്ന് കണ്ടെത്തി.ഗുജറാത്ത് ആസ്ഥാനമായുള്ള കമ്പനിയിൽ നിന്ന് മത്സ്യം കൊണ്ടുവരുന്നതിനുള്ള നിബന്ധനകൾ പാലിക്കാതെ 40 തെർമോക്കോൾ പെട്ടികളിലാക്കിയാണ് മാന്തൾ ഇനത്തിലുള്ള മത്സ്യം കൊണ്ടുവന്നത്. ഐസ് ഉരുകി പൂർണമായി വെള്ളമായ അവസ്ഥയിലായിരുന്നു. വട്ടംകുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.എ.നജീബിന്റെ സഹായത്തോടെ പഞ്ചായത്തിൻ്റെ അധീനതയിലുള്ള ഭൂമിയിൽ മത്സ്യം കുഴിച്ചു മൂടി.ഭക്ഷ്യസുരക്ഷാ അസി.കമ്മീഷണർക്ക് റിപ്പോർട്ട് നൽകി. എസ്.ഐ.എം.വി.തോമസ്, ഭക്ഷ്യസുരക്ഷാ വകുപ്പ് ഇൻസ്പെക്ടർമാരായ യു.എം. ദീപ്തി, ധന്യ ശശീന്ദ്രൻ, ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് പ്രശാന്തിയിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി
