എരുമപ്പെട്ടി: എരുമപ്പെട്ടി പഞ്ചായത്തിലെ ആറാം വാർഡ് മങ്ങാട് പള്ളിമേപ്പുറം പ്രദേശത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ അനധികൃതമായി പ്രവർത്തിക്കുന്ന ക്വാറിക്കെതിരെ പ്രതിഷേധവുമായി ബിജെപി എരുമപ്പെട്ടി മണ്ഡലം കമ്മിറ്റി. യാതൊരു മാനദണ്ഡവും പാലിക്കാതെ വെടിമരുന്ന് ഉപയോഗിച്ച് പാറ ഖനനം ചെയ്ത് രാത്രിയുടെമറവിൽ ലോഡ് കണക്കിന് കരിങ്കല്ലാണ് ഇവിടെ നിന്നും കടത്തിയിരുന്നത്. ഈ പ്രദേശത്തിന് തൊട്ടടുത്താണ് പഞ്ചായത്ത് ഓഫീസ് സ്ഥിതിചെയ്യുന്നത് എന്നിരിക്കെ സിപിഐഎം ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതിയുടെയും പ്രതിപക്ഷമായ കോൺഗ്രസിന്റെയും മൗനാനുവാദത്തോടുകൂടിയാണ് ഈ അനധികൃത കോറി പ്രവർത്തിക്കുന്നതെന്ന് ബിജെപി ആരോപിച്ചു. ഭരണസമിതിയും പ്രതിപക്ഷവും പഞ്ചായത്തിലെ ഉദ്യോഗസ്ഥൻമാരും വൻ തുക കൈക്കൂലി വാങ്ങിയാണ് ഇത്തരം നിയമവിധേയമല്ലാത്ത പ്രവർത്തികൾക്ക് കൂട്ടുനിൽക്കുന്നതെന്നാണ് ബിജെപിയുടെ ആരോപണം. അനധികൃത ക്വാറി സ്ഥിതി ചെയ്യുന്നിടത്തു നിന്നും ഏകദേശം നൂറ് മീറ്ററോളം മാത്രം അകലത്തിലാണ് കോൺഗ്രസ് പ്രതിനിധിയായ വാർഡ് മെമ്പറുടെ വസതി എന്നിരിക്കെ ഇതുവരെയും യാതൊരു പ്രതിഷേധങ്ങൾക്കും മുതിരാത്ത വാർഡ് മെമ്പറുടെ നടപടി സംശയാസ്പദമാണെന്നും ബിജെപി ആരോപിച്ചു. പ്രതിഷേധസൂചകമായി ബിജെപി എരുമപ്പെട്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്വാറിയിൽ കൊടിനാട്ടി. ബിജെപി നല്കിയ പരാതിയിൽ സ്ഥലം സന്ദർശിച്ച നെല്ലുവായ് വില്ലേജ് ഉദ്യോഗസ്ഥർ എത്രയും പെട്ടെന്ന് അനധികൃതമായ ക്വാറി നിർത്തലാക്കാനുള്ള നടപടികൾ സ്വീകരിക്കാമെന്ന് ഉറപ്പുനൽകി. നിയമവിധേയമല്ലാത്ത ക്വാറിയുടെ പ്രവർത്തനം എത്രയും പെട്ടെന്ന് നിർത്തിവെപ്പിക്കണം എന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും ബി ജെപി എരുമപ്പെട്ടി മണ്ഡലം ജനറൽ സെക്രട്ടറി രാജേഷ് കുമാർ കുട്ടഞ്ചേരി, മണ്ഡലം സോഷ്യൽ മീഡിയ കൺവീനർ വിഷ്ണു അമ്പാടി, ഒബിസി മോർച്ച എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡണ്ട് മനീഷ് എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.
എരുമപ്പെട്ടിയിൽ പ്രവർത്തിക്കുന്ന അനധികൃത ക്വാറിക്കെതിരെ പ്രതിഷേധവുമായി ബിജെപി
