പൊന്നാനി: ചമ്രവട്ടം പാലത്തിൽ ലോറിയിൽ കടത്തുകയായിരുന്ന 230 കിലോ കഞ്ചാവ് പിടിച്ചെടുത്ത കേസിൽ പ്രതികൾക്ക് മുപ്പതുവർഷം വീതം കഠിനതടവും രണ്ടുലക്ഷംരൂപ വീതം പിഴയും ശിക്ഷ.ഒന്നാംപ്രതി പാലക്കാട് ആലത്തൂർ കാവശ്ശേരി പാലത്തൊടി മനോഹരൻ (35), മൂന്നാംപ്രതി തൃശ്ശൂർ മാതൂർ ഓപ്പത്തുങ്ങൽ വട്ടപ്പറമ്പൻ വീട്ടിൽ ബിനീദ് (34) എന്നിവരെയാണ് മഞ്ചേരി എൻ.ഡി.പി.എസ്. കോടതി ജഡ്ജി എം.പി. ജയരാജ് ശിക്ഷിച്ചത്.
പിഴയടച്ചില്ലെങ്കിൽ ആറുമാസത്തെ അധികതടവ് അനുഭവിക്കണം. 2021 സെപ്റ്റംബർ മൂന്നിനാണ് സംഭവം. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് തിരൂർ എസ്.ഐ.യായിരുന്ന ജലീൽ കറുത്തേടത്താണ് റെയ്ഡ് നടത്തി കഞ്ചാവ് പിടിച്ചെടുത്തത്. മൂന്നുപേരെ അറസ്റ്റു ചെയ്യുകയും ലോറി കസ്റ്റഡിയിലെടുക്കുകയുംചെയ്തു. രണ്ടാം പ്രതി തൃശ്ശൂർ ആളൂർ വെള്ളാൻചിറ പൊരുന്നാൻകുന്ന് ആത്തിപ്പാലത്തിൽ വീട്ടിൽ ദിനേശ് (40) കോടതി ജാമ്യം അനുവദിച്ചതോടെ മുങ്ങി. ഇയാൾക്കെതിരായ കേസ് പിന്നീട് നടക്കും.
ശിക്ഷിക്കപ്പെട്ട പ്രതികൾ ഇതുവരെ വിയ്യൂർ ജയിലിൽ റിമാൻഡിലായിരുന്നു. തിരൂർ പോലീസ് ഇൻസ്പെക്ടർ ആയിരുന്ന എം.ജെ. ജിജോയാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി. സുരേഷ് ഹാജരായി
കഞ്ചാവ് കടത്ത്; പ്രതികൾക്ക് മുപ്പതു വർഷം കഠിന തടവും രണ്ടു ലക്ഷം രൂപ പിഴയും
