ദുരന്തഭൂമിയിൽ മാതൃത്വത്തിൻ്റെ ഉറവ വറ്റാത്ത മാതൃക; അമ്മമാർ നഷ്ടപ്പെട്ട മുലകുടി വറ്റാത്ത കുഞ്ഞുങ്ങളെ മാറോടണക്കാൻ തയാറായി ഷാനിബ

വയനാട്: ലോകം ഇവർക്കു മുന്നിൽ കൈകൂപ്പുന്നു.മാതൃത്വത്തിന്റെ സ്നേഹക്കടൽ ചുരത്തിയ ആ യുവതി വയനാട് വെള്ളമുണ്ടയിൽ ഉണ്ട്. മുണ്ടക്കൈയിലെ ദുരന്തഭൂമിയിൽ അമ്മമാർ നഷ്ടപ്പെട്ട മുലകുടി വറ്റാത്ത കുഞ്ഞുങ്ങളെ മുലയൂട്ടാൻ തയാറായി ലോകത്തിന്റെ കൈയടി നേടിയ ആ യുവതി ഷാനിബയാണ്.വയനാട് വെള്ളമുണ്ട എട്ടേനാൽ തോലൻ അസീസിന്റെ ഭാര്യ ഷാനിബ. ഉരുൾ പൊട്ടലിൽ മാതാവ് നഷ്ടപ്പെട്ട് ഒറ്റപ്പെട്ടുപോയ കുഞ്ഞുങ്ങൾ നിരവധിയുണ്ടെന്നറിഞ്ഞ് അവർക്ക് മുലയൂട്ടാൻ തയാറാവുകയായിരുന്നു അവർ.ഒരു വാട്സ്ആപ് ഗ്രൂപ്പിലാണ് ഭാര്യയുടെ സന്നദ്ധത അസീസ് അറിയിച്ചത്. മാനന്തവാടി ചെറ്റപ്പാലം സ്വദേശിയും പൊതുപ്രവർത്തകനുമായ ഷബീർ അലി യുവതിയുടെ പേര് വെളിപ്പെടുത്താതെ സോഷ്യൽ മീഡിയയിലൂടെ ഈ വിവരം പങ്കുവെച്ചു.വിവരമറിഞ്ഞ് മലയാളികളോടൊപ്പം വിദേശ പൗരന്മാർ പോലും യുവതിയുടെ മാതൃസ്നേഹത്തെ പ്രകീർത്തിച്ച് രംഗത്തെത്തി. അതോടെ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അന്വേഷണവുമെത്തി. കൂടാതെ, സമൂഹ മാധ്യമങ്ങൾ വിഷയം ഏറ്റെടുക്കുകയും ചെയ്തു.ദുരന്തത്തിൽ അമ്മമാർനഷ്ടപ്പെട്ട ചെറിയ കുട്ടികൾക്ക് മുലപ്പാൽ ആവശ്യമുണ്ടെങ്കിൽ അറിയിക്കണേ…എന്റെ ഭാര്യ റെഡിയാണ് എന്ന ഒറ്റവാചകമായിരുന്നു സാമൂഹിക മാധ്യമത്തിലൂടെ അസീസ് പങ്കുവെച്ചത്. വയനാട്ടിലെ ദുരന്തഭൂമിയിലെ കരൾ പിളർത്തുന്ന കാഴ്ചകൾക്കിടയിൽ രക്ഷാപ്രവർത്തനത്തിനിറങ്ങിയും സഹായങ്ങൾ കൈമാറിയുമെല്ലാം പരസ്പരം കൈകോർക്കുമ്പോൾ സഹജീവി സ്നേഹത്തിന്റെ വ്യത്യസ്ത മാതൃക വലിയ സന്ദേശമാണ് നൽകിയത്. ലീഗൽ സർവിസ് അതോറിറ്റിയിൽ ജോലിചെയ്യുന്ന അസീസ് ഉരുൾപൊട്ടലുണ്ടായ ദിവസം രാവിലെ മുതൽ ദുരന്തഭൂമിയിലായിരുന്നു. രാത്രി വീട്ടിലെത്തിയപ്പോൾ ഭാര്യയോട് ദുരന്തത്തിന്റെ ഭീകരത പങ്കുവെച്ചു. ഓരോരുത്തരും അവരവർക്ക് കഴിയുന്ന രീതിയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളാകുമ്പോൾ വ്യത്യസ്തമായി തനിക്കെന്തെങ്കിലും ചെയ്യാനാകുമോ എന്ന് ആലോചനയിലായിരുന്നു ഷാനിബ. അമ്മമാർ നഷ്ടപ്പെട്ട് ബാക്കിയായ എത്രയോ കുഞ്ഞുങ്ങൾ ആരുടെയൊക്കെയോ കൈകളിൽ ബാക്കിയായിട്ടുണ്ടാവില്ലേ എന്നാണ് എട്ടു മാസം പ്രായമായ കുഞ്ഞിന്റെ മാതാവായ ഷാനിബ ഓർത്തത്.ആ ചിന്തയിൽ നിന്നാണ് കുഞ്ഞുങ്ങൾക്ക് മൂലയൂട്ടിയാലെന്തെന്ന വലിയൊരു ജീവ കാരുണ്യ പ്രവർത്തനത്തെ കുറിച്ച് ഭർത്താവിനോട് ഷാനിബ സംസാരിച്ചത്. മാതൃത്വത്തിൻ്റെ മഹത്വമറിഞ്ഞ് ജീവൻ്റെ തുടിപ്പിന് ഉണർവേകാൻ തയ്യാറായ ഈ മാതാവിന് നൽകാം ഒരു ബിഗ് സെല്യൂട്ട്…

Leave a Reply

Your email address will not be published. Required fields are marked *