പുന്നയൂർക്കുളം:സംസ്ഥാനത്തെ നിരവധി ക്ഷേത്രങ്ങളിൽ മോഷണ കേസുകളിൽ പെട്ട് ഗുരുവായൂർ പൊലീസ് പിടികൂടിയ പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവന്നു.ഭണ്ഡാരം സജീഷ് എന്നറിയപ്പെടുന്ന എടപ്പാൾ കാലടി സ്വദേശി കൊട്ടാരപ്പാട്ട്
സജീഷ് (43)നെയാണ് വൈലത്തൂർ തൃക്കണമുക്ക് ക്ഷേത്രത്തിൽ വടക്കേക്കാട് എസ്.ഐ ബിജു സി മാത്യുവിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തെളിവെടുപ്പിന് കൊണ്ടുവന്നത്.കഴിഞ്ഞ ജൂലൈ 28ന് ഞായറാഴ്ച പുലർച്ചെയാണ് ക്ഷേത്രത്തിൽ മോഷണം നടന്നത്.ക്ഷേത്രത്തിന് മുൻ വശത്തെയും പിൻഭാഗത്തെയും ചുറ്റമ്പലത്തിനുള്ളിലേയും അടക്കം അഞ്ച് ഭണ്ഡാരങ്ങൾ പൊളിച്ച് പണം കവർന്നിരുന്നു.ഓഫീസ് റൂമിൻ്റെ പൂട്ട് പൊളിച്ച് അകത്ത് കയറി അലമാരയുടെ പൂട്ട് തകർത്ത് ലോക്കറിൽ നിന്ന് ചാവി എടുത്താണ് മേഷണം നടത്തിയിരുന്നത്.ക്ഷേത്രത്തിൻ്റെ മേൽക്കൂര പൊളിച്ചാണ് മോഷ്ടാവ് ചുറ്റമ്പലത്തിനകത്ത് കയറിയത്.പുലർച്ചെ ക്ഷേത്രം തുറക്കാൻ വന്ന പൂജാരിയാണ് മോഷണം വിവരം അറിഞ്ഞത്.
കഴിഞ്ഞ മാസം 24 ന് തമ്പുരാൻപടി ആലിക്കൽ ബ്രഹ്മ രക്ഷസ്സ് ക്ഷേത്രത്തിൽ നടന്ന മോഷണത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത് .സംഭവത്തിനു ശേഷം കർണാടകയിലും സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലുമായി ഒളിവിൽ കഴിയുകയായിരുന്ന പ്രതി വയനാട് സുൽത്താൻ ബത്തേരിയിൽ ഒളിവിൽ കഴിയുന്നുണ്ടെന്നു തൃശൂർ സിറ്റി ജില്ലാ പോലീസ് മേധാവി ആർ .ഇളങ്കോ ഐപിഎസ് നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഗുരുവായൂർ അസിസ്റ്റന്റ് പോലീസ് കമ്മിഷണർ ടി.എസ് സിനോജിന്റെ നിർദേശാനുസരണം തൃശൂർ സിറ്റി സ്‌ക്വാഡും ഗുരുവായൂർ പൊലീസും ചേർന്ന് സുൽത്താൻ ബത്തേരി പൊലീസിന്റെ സഹായത്താൽ നടത്തിയ തെരച്ചിലിലാണ് പിടിയിലായത്.സ്വകാര്യ ലോഡ്ജിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുമ്പോൾ ലോഡ്ജിന്റെ രണ്ടാം നിലയിലുള്ള റൂമിന്റെ ജനൽ ചില്ലു തകർത്തു ചാടി രക്ഷപെടാൻ ശ്രമിക്കുകയും തുടർന്ന് പൊലീസ് പിന്തുടർന്ന് വളരെ സാഹസപ്പെട്ടാണ് കീഴ്പ്പെടുത്തിയത് .
കഴിഞ്ഞ ജൂൺ മാസം അവസാനം തവനൂർ ജയിലിൽ നിന്നും ഒരു മോഷണ കേസിൽ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ പ്രതി മലപ്പുറം തേഞ്ഞിപ്പാലത്തു നിന്നും ഒരു സ്കൂട്ടർ മോഷ്ടിക്കുകയും പിന്നീട് ആ സ്കൂട്ടറിൽ സഞ്ചരിച്ചാണ് മോഷണം നടത്തിയിരുന്നത്. ജയിലിൽ നിന്നും പുറത്തിറങ്ങി ചുരുങ്ങിയ ദിവസം കൊണ്ട് തൃശൂർ ജില്ലയിലെ വടക്കേകാട് ,ഗുരുവായുർ ,കുന്നംകുളം സ്റ്റേഷൻ പരിധികളിലും കോഴിക്കോട് ,മലപ്പുറം എന്നീ ജില്ലയിലെ വിവിധ സ്റ്റേഷൻ പരിധിയിലെ അമ്പലങ്ങളിലും മോഷണം നടത്തിയതായി ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചിരുന്നു . മോഷണം നടത്തി കിട്ടുന്ന പണം ഊട്ടി ,മൈസൂർ എന്നിവിടങ്ങളിൽ ആഡംബര ജീവിതം നയിക്കുന്നതിനാണ് പ്രതി ഉപയോഗിച്ചിരുന്നത് .40 ൽ അധികം മോഷണ കേസുകളിൽ പ്രതിയായ സജീഷ് നിരവധി തവണ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.പ്രതിയെ തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കി. എസ് ഐക്ക് പുറമെ സി പി ഒ മാരായ ജി.അരുൺ, ജെ.ബിനീഷ്, ഷാജികുമാർ, ജോബിഷ് എന്നിവരും തെളിവെടുപ്പ് സംഘത്തിൽ ഉണ്ടായിരുന്നു
തെളിവെടുപ്പ് കൂടുതൽ ദൃശ്യങ്ങൾക്ക്
