പ്രൊഫ. എം.കെ സാനു അന്തരിച്ചു


തൃശൂർ : പ്രൊഫ എം.കെ സാനു(99 ) അന്തരിച്ചു.എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നാളെ രാവിലെ എട്ടുമണിക്ക് മൃതദേഹം ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് കൊണ്ടുവരും. രാവിലെ ഒമ്പതുമണി മുതൽ 10 വരെ വീട്ടിൽ പൊതുദർശനം ഉണ്ടാവും. രാവിലെ 10 മുതൽ എറണാകുളം ടൗൺ ഹാളിലായിരിക്കും പൊതുദര്‍ശനം.മലയാള സാഹിത്യലോകം കണ്ട ഏറ്റവും മികച്ച സാഹിത്യ വിമര്‍ശകരില്‍ ഒരാളാണ് വിടവാങ്ങിയത്.എഴുത്തുകാരന്‍,പ്രഭാഷകന്‍, ചിന്തകന്‍ എന്നിങ്ങനെ വ്യത്യസ്ത തലങ്ങളില്‍ അദ്ദേഹം സംഭാവനകൾ നല്‍കിയിട്ടുണ്ട്. മലയാള സാഹിത്യ ലോകത്തിന് തീരാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. മഹാരാജാസ് കോളേജ് ഉൾപ്പെടെയുള്ള സംസ്ഥാനത്തെ വിവിധ കോളേജുകളില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1987 ല്‍ ഏറണാകുളത്തിന്‍റെ എംഎല്‍എ ആയും അദ്ദേഹം സേവനം അനുഷിഠിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, കേരള സാഹിത്യ അക്കാദമി പുരസ്കാരം, വയലാര്‍ അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്കാരം ഉള്‍പ്പെടെ നിരവധി അവാര്‍ഡുകൾ നേടിയിട്ടുണ്ട്. വാര്‍ധക്യത്തിലും സാഹിത്യ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു സാനു മാഷ്.അസാധാരണമായ ഉൾക്കാഴ്ചയോട് കൂടിയ ജീവചരിത്ര രചനയില്‍ അദ്ദേഹം പ്രാഗല്‍ഭ്യം പുലര്‍ത്തിയ എഴുത്തുകാരനായിരുന്നു പ്രൊഫ. സാനു. ശ്രീനാരായണ ഗുരുദേവന്‍റെ ദര്‍ശനങ്ങളെ മലയാളികളില്‍ ആഴത്തില്‍ ഇറങ്ങുന്ന വിധത്തില്‍ മികച്ച രചനകൾ നടത്താന്‍ എം.കെ സാനുവിന് സാധിച്ചിട്ടുണ്ട്. ചങ്ങമ്പുഴ കൃഷ്ണപിള്ളയെ കുറിച്ചുള്ള നക്ഷത്രങ്ങളുടെ സ്നേഹ ഭാജനം എന്ന ജീവചരിത്ര പുസ്തകം സാനു മാഷ് എഴുതിയ പുസ്തകം മലയാളത്തിലെ എണ്ണം പറഞ്ഞ പുസ്തകങ്ങളില്‍ ഒന്നാണ്. പി.കെ ബാലകൃഷ്ണന്‍, വൈക്കം മുഹമ്മദ് ബഷീര്‍ തുടങ്ങി 40 ലധികം പേരുടെ ജീവചരിത്രം എം.കെ സാനു രചിച്ചിട്ടുണ്ട്. പ്രായമായതിന്‍റെ അവശതകൾ അദ്ദേഹം തന്‍റെ എഴുത്തിലും സാമൂഹിക പ്രവര്‍ത്തനങ്ങളിലെ നാൾവഴികളിലും ഒരിക്കലും കാണിച്ചിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *