പുന്നയൂർക്കുളം:അകലാട് മൂന്നയിനിയിലെ സ്വകാര്യ സ്ഥാപനത്തിൽ
മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയ സംഭവത്തിൽ ആറ് പേരെ വടക്കേക്കാട് പൊലീസ് അറസ്റ്റു ചെയ്തു. അകലാട് മൂന്ന യിനി സ്വദേശികളായ താഴത്തു വീട്ടിൽ ഹംസക്കുട്ടി (42),കുന്നത്ത് വീട്ടിൽ ഹംസകുട്ടി ഭാര്യ ഷബീന (36) ,മുള്ളത്ത് വീട്ടിൽ കബീർ (43), മൊയ്തീൻ പള്ളി സ്വദേശി രാമി വീട്ടിൽ മുഹമ്മദ് ഹനീഫ( 39) ചെറുനബി വീട്ടിൽ ഇർഫാദ് (32) ചാലിൽ വീട്ടിൽ അഫ്സൽ(35)
എന്നിവരാണ് അറസ്റ്റിലായത്. തട്ടി പ്പ് സംഘത്തിലെ പ്രധാനി അകലാട് മൂന്നയിനി ചാലിൽ ഇഷാക്കിനെ പിടികൂടാനായിട്ടില്ല. ഇയാൾ വഴിയാണ് പിടിയിലായവർക്ക് പണയം വെക്കാനുള്ള സ്വർണ്ണം ലഭിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.കഴിഞ്ഞ ജൂലൈ നാല് മുതൽ ഓഗസ്റ്റ് 13 വരെ വ്യത്യസ്ഥ ദിവസങ്ങളിലായാണ് സംഘം അകലാട് മൂന്നൈയ്നിയിലെ സ്വകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം വെച്ച് 558700 രൂപ തട്ടിയത്.
അഫ്സൽ മൂന്ന് വളകളും, ഇർഫാദ്, മുഹമ്മദ് ഹനീഫ എന്നിവർ രണ്ട് വളകൾ വീതവും ഹംസകുട്ടി, കബീർ,ഷെജീന എന്നിവർ ഓരോ വളകളുമാണ് വെച്ചിരുന്നത്. ശരാശരി ഒരു പവനോളം തൂക്കം വരുന്ന 10 വളകൾ 916 ഹോൾ മാർക്കോടുകൂടിയവയും വിജെ എന്ന മുദ്ര പതിച്ചിരുന്നവയുമാണ്.
നേരത്തെ നല്ല സ്വർണ്ണം പണയം വെച്ച് സ്ഥാപനത്തിലെ ജീവനക്കാരുമായി അടുപ്പം സ്ഥാപിച്ചാണ് തട്ടിപ്പ് നടത്തിയത്.
സ്ഥാപന ഉടമകളുടെ പരാതിയെ തുടർന്ന് വടക്കേക്കാട് എസ് എച്ച് ഒ. എം കെ രമേഷിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. പ്രതികളെ പിടികൂടിയ സംഘത്തിൽ എസ്എച്ച്ഒ ക്ക് പുറമെ
എസ് ഐമാരായ പി.പി. ബാബു, സി.ബിന്ദുരാജ്, സി.എൻ ഗോപിനാഥൻ,പി.എ സുധീർ, എ എസ് ഐ, ടി.കെ ഷിജു,പോലീസുകാരായ രജനീഷ് , രേഷ്നി എന്നിവരും ഉണ്ടായിരുന്നു
അകലാട് മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയ ആറംഗ സംഘം അറസ്റ്റിൽ
